
എഎപിയെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടുത്തെ സർക്കാരിന് വികസന കാഴ്ചപ്പാടില്ലെന്നും, ഇനി ആം ആദ്മിക്ക് ഡൽഹിയിൽ അവസരം നൽകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിൽ 12,200കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തെന്നും, ഡൽഹിയിൽ വികസനം നടത്തുന്നത് കേന്ദ്രസർക്കാരാണെന്നും മോദി വ്യക്തമാക്കി. ഡൽഹിയെ ബാധിച്ച ദുരന്തമാണ് എഎപിയെന്ന് പ്രധാനമന്ത്രി വീണ്ടും ആരോപണമുന്നയിച്ചു.
എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ജനങ്ങള്‍ക്കായി ഒന്നുചെയ്തില്ലെന്നും സ്വന്തമായി കിടപ്പാടം നിർമിച്ചുവെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു.ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകുന്നത് ബിജെപിയാണ്. പാവപ്പെട്ടവർക്കായി നാല് കോടിയിലധികം വീടുകളാണ് കേന്ദ്രം നിർമിച്ച് നല്‍കിയതെന്നും മോദി അവകാശവാദം ഉന്നയിച്ചു.ചേരിയില്‍ കഴിയുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ വീട് വെച്ച് നല്‍കുമെന്ന വാഗ്ദാനവും മോദി നടത്തിയിരുന്നു.
എഎപി ഭരണത്തിലിരിക്കെ കെജ്‌രിവാളിനായി 'ശീഷ് മഹലെ'ന്ന വീട് നിർമിക്കുക മാത്രമാണ് ചെയ്തതെന്നും മോദി പറഞ്ഞു. മോദിക്ക് മറിപടിയുമായി എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. 2,700 കോടി രൂപയ്ക്ക് വീട് പണിയുന്ന, 8,400 കോടിയുടെ വിമാനത്തിൽ യാത്ര ചെയ്യുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ച, ഒരാൾ ശീഷ് മഹലിനെ കുറിച്ച് സംസാരിക്കാൻ യോഗ്യനല്ല. വ്യക്തിപരമായ ആരോപണങ്ങളോടും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനോടും തനിക്ക് താൽപര്യമില്ലെന്നും എഎപി നേതാവ് പറഞ്ഞു.
ആരോപണപ്രത്യരോപണങ്ങൾക്ക് പിന്നാലെ കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ വസതിയുടെ ഓഡിറ്റ് ട്രയൽ നടത്തിയതിൻ്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 33 കോടി രൂപ ചെലവഴിച്ച് ഔദ്യോഗിക വസതി നവീകരിച്ചതായാണ് സിഎജിയുടെ കണ്ടെത്തൽ. ഇതിൽ പകുതിയിലധികവും അലങ്കാരപ്പണികൾക്കാണ് ചെലവിട്ടതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.