
2022ൽ റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയതിന് ശേഷം ഇതാദ്യമായി യുക്രെയ്ൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്തമാസമാണ് മോദി കീവിലെക്ക് പോകുന്നത് എന്നാണ് റിപ്പോർട്ട്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും യുക്രേനിയൻ പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തി ഒരു മാസത്തിന് ശേഷമാണ് മോദി കീവ് സന്ദർശിക്കാനായി ഒരുങ്ങുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ സെലൻസ്‌കി അഭിനന്ദിക്കുകയും, യുദ്ധത്തിൽ തകർന്ന രാജ്യം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ മാർച്ചിൽ പ്രസിഡൻ്റ് സെലെൻസ്‌കിയുമായി നടത്തിയ ഫോൺ കോളിൽ ഇന്ത്യ-യുക്രെയ്ൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളെപ്പറ്റിയും മോദി ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
യുദ്ധം ആരംഭിച്ചത് മുതൽ ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിഹരിക്കാനാകു എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഏത് സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണ്. അതിനായുള്ള ഇന്ത്യയുടെ ശ്രമം തുടരുമെന്നും അന്ന് പ്രധാനമന്ത്രി അറിയിച്ചതായും സൂചനയുണ്ട്. അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം ആദ്യം പ്രധാനമന്ത്രി മോസ്‌കോയിലേക്ക് പോയിരുന്നു.
റഷ്യൻ പ്രസിഡൻ്റ് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധക്കളത്തിൽ നിന്നും ഒരു പരിഹാരവും കണ്ടെത്താൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യകത്മാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെ ബഹുമാനിക്കാൻ തന്നെയാണ് ഇന്ത്യ എപ്പോഴും ആഹ്വാനം ചെയ്യുന്നതെന്നും, നയതന്ത്രമാണ് വേണ്ടതെന്നും അന്ന് മോദി പറഞ്ഞിരുന്നു.