
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം റഷ്യ സന്ദർശിക്കും. റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിൽ പാശ്താത്യരാജ്യങ്ങളും അമേരിക്കയും കടുംപിടിത്തം തുടരുന്നതിനിടെയാണ് നരേന്ദ്ര മോദിയുടെ സന്ദർശനം. പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശന വാർത്തകളിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുർട്ട് കാംബെൽ, സൈനിക-സാങ്കേതിക മേഖലകളിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപെടലിൽ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. റഷ്യയുടെ ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യ, യുക്രൈൻ അധിനിവേശത്തെ പ്രത്യക്ഷത്തിൽ അപലപിച്ചിരുന്നില്ല.
2022 ഫെബ്രുവരിയിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മോദിയുടെ ആദ്യ സന്ദർശനമാണിത്. 2019ലാണ് മോദി അവസാനമായി റഷ്യയിൽ എത്തിയത്. വ്ളാഡിമിർ പുടിൻ അഞ്ചാം തവണയും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നരേന്ദ്രമോദി ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി 2021-ലാണ് പ്രസിഡൻ്റ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റഷ്യയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജൂലൈ 8, 9 തീയതികളിലാകും സന്ദർശനം.