
പരീക്ഷയുടെ അവസാന ദിവസം യൂണിഫോമില്‍ പരസ്പരം പേരെഴുതിയ വിദ്യാര്‍ഥിനികള്‍ക്ക് വിചിത്രവും മനുഷ്യത്വവിരുദ്ധവുമായ ശിക്ഷ വിധിച്ച് സ്‌കൂളിലെ പ്രധാന അധ്യാപകന്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. പത്താം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞ് യൂണിഫോം ഷര്‍ട്ടില്‍ പേന കൊണ്ട് ആശംസകള്‍ എഴുതിയതിന് കുട്ടികളെ ഷര്‍ട്ടൂരി വീട്ടിലേക്ക് അയച്ചാണ് പ്രധാനാധ്യാപകന്‍ പ്രതികരിച്ചത്.
ധന്‍ബാദിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ എണ്‍പതോളം വിദ്യാര്‍ഥിനികളെയാണ് അധ്യാപകന്‍ ഷര്‍ട്ടില്ലാതെ ബ്ലേസര്‍ മാത്രം ധരിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അവസാന പരീക്ഷ കഴിഞ്ഞ് യൂണിഫോമില്‍ പേന കൊണ്ട് വിദ്യാര്‍ഥികള്‍ പരസ്പരം എഴുതുന്നത് പതിവ് രീതിയാണ്. പ്രസ്തുത സ്‌കൂളിലെ വിദ്യാര്‍ഥികളും സമാനരീതിയില്‍ സന്തോഷം പങ്കുവെച്ചത് പ്രധാനാധ്യാപകന് ഇഷ്ടമായില്ല. തുടര്‍ന്ന് കുട്ടികളോട് ഷര്‍ട്ട് ഊരി ബ്ലേസര്‍ മാത്രം ധരിച്ച് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടികള്‍ അധ്യാപകനോട് ക്ഷമ ചോദിച്ചെങ്കിലും ഷര്‍ട്ട് ധരിക്കാന്‍ അധ്യാപകന്‍ അനുവദിച്ചില്ല.
സംഭവം ഗൗരവമായി കാണുന്നുവെന്ന് ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധവി മിശ്ര പ്രതികരിച്ചു. രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും സംസാരിച്ചുവെന്നും വിഷയം പരാതി അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, വിദ്യാഭ്യാസ ഓഫീസര്‍, സാമൂഹിക ക്ഷേമ ഓഫീസര്‍, സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അന്വേഷണം നടത്തുക. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മാധവി മിശ്ര അറിയിച്ചു.
സ്ഥലം എംഎല്‍എ രാഗിണി സിംഗും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ലജ്ജാകരവും നിര്‍ഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്ന് എംഎല്‍എ പ്രതികരിച്ചു. പരാതി നല്‍കാനെത്തിയ രക്ഷിതാക്കള്‍ക്കൊപ്പം എംഎല്‍എയും കമ്മീഷണറുടെ ഓഫീസില്‍ എത്തിയിരുന്നു.