
വയനാട് മണ്ഡലം കൈക്കലാക്കാൻ കോൺഗ്രസ് സ്ഥാനാർഥിയായ പ്രിയങ്കയ്‌ക്കൊപ്പം സഹോദരൻ രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാണ്. ഇന്ന് വയനാട്ടിലെ കാവുംമന്ദത്തും മാനന്തവാടിയിലും രാഹുലും പ്രിയങ്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. വയനാട് മണ്ഡലം വിടുകയെന്നത് എളുപ്പമല്ലെന്നായിരുന്നു രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്. തന്നെ കാത്തിരുന്ന വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്കയും വേദിയിലെത്തി.
വയനാട്ടിലെ ജനങ്ങൾ എന്നെ അത്ഭുതകരമായി സ്നേഹിച്ചിട്ടുണ്ട്. അതിനാൽ ഇവിടം വിട്ടുപോകുന്നത് അത്ര എളുപ്പമല്ല. സ്വന്തം കുടുംബത്തിലെ ഒരു അംഗമായി വയനാട്ടുകാർ പരിഗണിച്ചത് മറക്കാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വലിയ എതിർപ്പുകൾ തനിക്ക് നേരെ ഉയർന്നപ്പോഴെല്ലാം വയനാട്ടിലെ ജനങ്ങൾ തന്നോടൊപ്പം ഉറച്ചുനിന്നിരുന്നു. അത് എന്നും നന്ദിയോടെ ഓർക്കും. എൽഡിഎഫ് പ്രവർത്തകരും പാർലമെൻറ് അംഗമെന്ന നിലയിൽ തന്നെ പരിഗണിച്ചു. രണ്ട് പാർലമെൻറ് അംഗങ്ങൾ ഉണ്ടാകുന്ന ഏക പാർലമെൻ്റ് മണ്ഡലം വയനാട് ആയിരിക്കുമെന്നും രാഹുൽ പറഞ്ഞു. മോശം കാലഘട്ടത്തിലും സഹോദരൻ രാഹുലിനൊപ്പം നിന്ന വയനാട്ടിലെ ജനങ്ങൾക്ക് പ്രിയങ്കയും നന്ദി പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും രാഹുലും പ്രിയങ്കയും മറന്നില്ല. രാത്രികാല യാത്രാ നിരോധനം, വയനാടിന് സ്വന്തമായി മെഡിക്കൽ കോളേജ് ഇല്ലാത്ത പ്രശ്നം, വന്യജീവി ആക്രമണം എന്നിങ്ങനെ വയനാട് പാർലമെൻ്റിലെ ജനങ്ങൾ ചില പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഇവയ്ക്ക് പരിഹാരം കാണുമെന്നും പ്രിയങ്ക ഉറപ്പ് നൽകി. മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് നേതാവ് പറയുന്നു.
എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജ് വയനാട്ടിൽ നിർമിക്കുമെന്നും വയനാട്ടിലെ പുതിയ എംപിയും പഴയ എംപിയും അതിനു പ്രതിജ്ഞാബദ്ധരാണെന്നും രാഹുൽ ഉറപ്പുനൽകി. മെഡിക്കൽ കോളേജിനായി വയനാട്ടിലെ ജനങ്ങൾ ഒരുപാട് യാചിച്ചെന്നും ഒന്നിനും ആരുടെ മുന്നിലും യാചിക്കേണ്ട ആവശ്യമില്ലെന്നും പ്രിയങ്കയും വ്യക്തമാക്കി.
ചൂരൽമല ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ എങ്ങനെ അതിജീവിച്ചെന്ന് നേരിട്ട് കണ്ടതാണ്. എന്നാൽ പ്രധാനമന്ത്രി വയനാട് സന്ദർശിച്ചെങ്കിലും ജനങ്ങളുടെ ദുഃഖത്തിലെ ദുരിതത്തിലും കൂടെ നിന്നില്ലെന്നായിരുന്നു രാഹുലിൻ്റെ വിമർശനം.
നമ്മൾ നയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ രാഹുൽ രാജ്യത്ത് നടക്കുന്ന സമരം ഭരണഘടനപരമായിട്ടുള്ളതാണെന്നും കൂട്ടിച്ചേർത്തു. ഒരു കൂട്ടർ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം നടത്തുമ്പോൾ മറ്റൊരു കൂട്ടർ ഭരണഘടനയെ തകർക്കാനുള്ള ശ്രമം നടത്തുന്നു. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവർ മതത്തിൻറെ പേരിലും ഭാഷയുടെ പേരിലും വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തതോടെ വയനാട്ടിൽ ഇടത്-വലത് സ്ഥാനാർഥികൾ പ്രചാരണം കൊഴുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലെ കോർണർ യോഗത്തിലും സംസാരിക്കും. തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.
എൽഡിഎഫ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയനും നവംബർ ആറിന് മണ്ഡലത്തിലെത്തും. അതേസമയം, ദേശീയ നേതാക്കൾ ആരും വയനാട്ടിലേക്ക് എത്താത്തത് ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ടെന്നാണ് ബിജെപിയുടെ ന്യായീകരണം.
ഇതിന് മുമ്പ് വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ പ്രചരണപരിപാടികൾ ജനസാഗരമായിരുന്നു. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചു എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ, ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും, പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട് സന്ദർശിച്ചതെന്നും പ്രിയങ്ക ചോദ്യമുന്നയിച്ചിരുന്നു.
വയനാടുകാരുടെ ധീരതയെ പ്രകീര്‍ത്തിച്ചും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ഓര്‍മിപ്പിച്ചുമാണ് പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ ഇടപെടുമെന്നും പ്രിയങ്ക ഉറപ്പ് നൽകിയിരുന്നു. റോഡരികിൽ കാത്തുനിന്ന ജനങ്ങളെ കണ്ട പ്രിയങ്ക വാഹനത്തിൽ നിന്നും ഇറങ്ങിച്ചെന്ന് സംസാരിക്കാൻ തുടങ്ങിയതോടെ ആളുകളും വലിയ ആവേശത്തിലായിരുന്നു. ആൾക്കൂട്ടം കാരണം പലയിടത്തും ഗതാഗതം വരെ തടസപ്പെട്ടിരുന്നു.