
പലസ്തീൻ ബാഗുമായി പാർലമെൻ്റിലെത്തിയതിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി വാദ്ര എംപി. 'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം' എന്നെഴുതിയ ബാഗുമായാണ് പ്രിയങ്ക പാർലമെൻ്റിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രിയങ്ക പലസ്തീൻ അനുകൂല ബാഗുമായി എത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
തിങ്കളാഴ്ച ലോക്‌സഭയിലെ സീറോ അവറിൽ നടത്തിയ പ്രസംഗത്തിൽ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിഷയമായിരുന്നു പ്രിയങ്ക ഉന്നയിച്ചത്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സുരക്ഷ ഉറപ്പാക്കാൻ ധാക്കയുമായി നയതന്ത്രപരമായി ഇടപെടണമെന്നും പ്രിയങ്ക കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിക്കൊപ്പം നിരവധി പ്രതിപക്ഷ എംപിമാരും സമാനരീതിയിലുള്ള ബാഗുമായി പ്രതിഷേധം നടത്തി.
കഴിഞ്ഞ ദിവസമാണ് ഗാസയുടെ പ്രതിരോധ ചിഹ്നമായ തണ്ണിമത്തനും, സമാധാനത്തിൻ്റെ ചിഹ്നമായ പ്രാവും ഉള്‍പ്പെട്ട, പലസ്തീന്‍ എന്ന് ആലേഖനം ചെയ്തിരിക്കുന്ന ബാഗുമായി പ്രിയങ്ക പാർലമെൻ്റിലെത്തിയത്. രണ്ടു ദിവസം മുമ്പ് പലസ്തീൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പലസ്തീനൊപ്പം നിൽക്കുന്ന പ്രിയങ്ക, എന്തുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് സംപിത് ബാത്രയുടെ ചോദ്യം. ഇതിന് മറുപടിയായാണ് പ്രിയങ്കയുടെ ബംഗ്ലാദേശ് ബാഗുമായുള്ള വരവ്.
പലസ്തീൻ ബാഗുമായി പാർലമെൻ്റിലെത്തിയ പ്രിയങ്കയുടെ നീക്കം വാർത്തകളുണ്ടാക്കാൻ മാത്രമാണെന്നായിരുന്നു ബിജെപി വിമർശനം. എന്നാൽ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം തനിക്കുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രിയങ്ക പ്രതിരോധം തീർത്തു. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് നിങ്ങൾ തീരുമാനിക്കുന്നത് കേവല പുരുഷാധിപത്യമാണ്. അതിൽ വിശ്വസിക്കുന്നില്ലെന്നും, ഇഷ്ടമുള്ളത് ധരിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.