
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ പതിനൊന്നിന് കണ്ണൂരിൽ വിമാനം ഇറങ്ങുന്ന പ്രിയങ്ക റോഡ് മാർഗമാകും വയനാട്ടിലെത്തുക. പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായും പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തും. തുർന്ന് യുഡിഎഫിന്റെ മലയോര ജാഥയിലും, കളക്ടറേറ്റിലെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. വൈകിട്ടാണ് മലയോര ജാഥ സംഘടിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മലയോര സമര പ്രചരണ യാത്ര നടത്തുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിലാണ് മലയോര സമര പ്രചരണ യാത്ര. വയനാട്ടിലെ മാനന്തവാടി, ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിൽ പര്യടനം നടത്തും. മേപ്പാടിയിൽ 4 മണിയ്ക്ക് നടക്കുന്ന പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുക.
വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന മലയോര സമര യാത്ര നടത്തുന്നത്. കടുവ ആക്രമണവും, പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് നീക്കം.