
വയനാടിൻ്റെ പ്രിയങ്കരിയായ എംപി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തുന്ന ആദ്യ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മുക്കത്ത് വച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇവർ പങ്കാളികളാകും. ദ്വിദിന സന്ദർശനത്തിനെത്തുന്ന പ്രിയങ്കയ്ക്ക് വിപുലമായ സ്വീകരണപരിപാടികളാണ് പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.
നവംബർ 28 നായിരുന്നു പ്രിയങ്ക ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തനിമ വിളിച്ചോതുന്ന വെള്ള കസവു സാരിയണിഞ്ഞ് പ്രിയങ്ക പാർലമെൻ്റിലേക്ക് എത്തിയത് ഏറെ ശ്രദ്ധയമായിരുന്നു. കയ്യിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ദൈവനാമത്തിലായിരുന്നു പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. 6.22 ലക്ഷം വോട്ടുകൾ നേടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും പ്രിയങ്ക പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പാർലമെൻ്റിലേക്ക് ആദ്യമായെത്തിയ പ്രിയങ്കയെ കോൺഗ്രസിലേയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലേയും മുതിർന്ന നേതാക്കൾ ചേർന്നായിരുന്നു വരവേറ്റത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്ക പാർലമെൻ്റിൽ എത്തിയത്.