
എല്ലാം നഷ്ടപ്പെട്ടിട്ടും വയനാട് ജനത മുന്നോട്ടുപോയത് തനിക്ക് പ്രചോദനമാണെന്നും വയനാടിന്റെ ശബ്ദമായിരിക്കും പാർലമെന്റിൽ ഉയർത്തുകയെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപി പ്രിയങ്ക ഗാന്ധി. "വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി എംപി. 35 വർഷത്തെ പ്രചാരണത്തിനിടെ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടിട്ടും വയനാട് ജനത മുന്നോട്ട് പോയത് തനിക്ക് പ്രചോദനമായി," പ്രിയങ്ക പറഞ്ഞു.
"രാഹുലിൽ ഉള്ള വിശ്വാസം കൊണ്ടാണ് തന്നേയും വിശ്വസിച്ചത്. ഒരാളെയും താൻ നിരാശരാക്കില്ല. രാഹുലിന്റെ അഭാവം ഇല്ലാതെ എല്ലാവരുടെയും പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങളുടെ എല്ലാ മുഖങ്ങളും എൻ്റെ മനസിലുണ്ടാകും. ഹൃദയത്തിൽ നിന്ന് എല്ലാവർക്കും നന്ദി പറയുന്നു. വയനാട്ടിലെ കുട്ടികൾ പോലും മുന്നോട്ടുപോകാനുള്ള വഴി കാണിച്ചുതരികയാണ്," വയനാട് എംപി പറഞ്ഞു.
"ഞാൻ നിങ്ങളുടെ പ്രശ്നം പഠിക്കാനാണ് വന്നിട്ടുള്ളത്. രാത്രിയാത്രാ നിരോധനം, മനുഷ്യ-മൃഗ സംഘർഷം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം പരിഹരിക്കാൻ എൻ്റെ ഓഫീസ് തുറന്നിരിക്കും. നിലവിൽ ജനാധിപത്യ മര്യാദയില്ലാതെയാണ് ബിജെപി പെരുമാറുന്നത്. രാജ്യത്തെ അടിസ്ഥാന തെരഞ്ഞെടുപ്പ് പ്രക്രിയ വരെ ഭീഷണി നേരിടുകയാണ്," പ്രിയങ്ക ഗാന്ധി വിമർശിച്ചു.
വയനാട് ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു ശേഷം ആദ്യമായാണ് പ്രിയങ്ക കേരളത്തിലെത്തുന്നത്. രണ്ടു ദിവസത്തേക്കാണ് പ്രിയങ്കയുടെ സന്ദർശനം. പ്രിയങ്കയ്ക്കൊപ്പം രാഹുലും കേരള സന്ദർശനത്തിൽ ഒപ്പമുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രിയങ്കയുടെ ഇന്നത്തെ പരിപാടികൾ. രാവിലെ 11.30 ഓടെ കരിപ്പൂരിലെത്തിയ പ്രിയങ്ക മുക്കത്തെ പൊതുയോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. നാളെയാണ് പ്രിയങ്ക വയനാട്ടിലെത്തുക. നാളെ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിൽ സന്ദർശനം നടത്തും.
കന്നിയങ്കത്തിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്.