വയനാട് എംപിയായി പ്രിയങ്ക ഗാന്ധി  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വയനാട് എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഷിംലയിൽ നിന്ന് മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും
Published on


കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ പ്രിയങ്കാ ഗാന്ധി വയനാട് ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. തുടർന്ന് നവംബർ 30, ഡിസംബർ 1 തിയതികളിൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തും. ഷിംലയിൽ നിന്ന് മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. 

ബുധനാഴ്ച വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ടെത്തി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയിരുന്നു. എംഎൽഎമാരായ എ.പി.അനിൽകുമാർ, പി.കെ.ബഷീർ, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റുമാരായ എൻ.ഡി.അപ്പച്ചൻ, കെ.പ്രവീൺകുമാർ, വി.എസ്.ജോയ്, ഇലക്‌ഷൻ ചീഫ് ഏജന്റും ഡിസിസി പ്രസിഡന്റുമായ കെ.എൽ.പൗലോസ്, യുഡിഎഫ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, സി.പി.ചെറിയ മുഹമ്മദ്, കെ.അഹമ്മദ് എന്നിവരുടെ സംഘമാണു പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയത്. ഇവർ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസം സംബന്ധിച്ച് പ്രിയങ്കയുമായി ചർച്ച നടത്തി.

സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ പ്രിയങ്കയ്ക്ക് രാഹുൽ ഗാന്ധി മധുരം കൈമാറുകയും ചെയ്തു. വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് തനിക്ക് ഒരു രേഖ മാത്രമല്ലെന്നും സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും തങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന മൂല്യങ്ങളുടെയും ചിഹ്നമാണെന്നും പ്രിയങ്ക പറഞ്ഞു.

കന്നിയങ്കത്തിൽ മിന്നും വിജയം നേടിയാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് ചുവടെടുത്ത് വെക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥി സത്യൻ മൊകേരിയെ 4,10,931 വോട്ടിന് തോൽപിച്ചാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്.


News Malayalam 24x7
newsmalayalam.com