
ചാന്‍സലറായ ഗവർണർക്കെതിരെ കേസ് നടത്തിപ്പിന് വൈസ് ചാൻസലർമാർ സർവകലാശാല ഫണ്ട് ഉപയോഗിച്ചതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെലവഴിച്ച തുക അടിയന്തരമായി തിരിച്ചടയ്ക്കാനും നിർദേശം. ഒരുകോടി 13 ലക്ഷം രൂപയാണ് വി.സിമാർ മടക്കി നൽകേണ്ടത്.
ഗവർണർ - സർക്കാർ പോര് തുടരുന്നതിനിടെയാണ് ഗവർണർ വീണ്ടും പുതിയ സർക്കുലറുമായി എത്തിയിരിക്കുന്നത്. സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് ചാൻസിലർക്കെതിരായ കേസ് നടത്താനായി വിവിധ വി.സിമാർ ഒരു കോടി പതിമൂന്ന് ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത് മുൻനിർത്തി സേവ് യൂണിവേഴ്സിറ്റി ക്യാപയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ പുതിയ നീക്കം.
സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്നായിരുന്നു ഗവർണറുടെ ഉത്തരവ്. സർവകലാശാല ഫണ്ടിൽനിന്ന് പണം എടുത്തത് ധനദുർവിനിയോഗമാണെന്നും, നീതീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ, നിയമനടപടികൾക്കായി ആകെ ചെലവഴിച്ച ഒരു കോടി 13 ലക്ഷം രൂപ വി.സിമാർ അടിയന്തരമായി തിരിച്ചടയ്ക്കണം. ഇതിൽ കണ്ണൂർ സർവ്വകലാശാല മുൻ വി.സിയായിരുന്ന ഗോപിനാഥ് രവീന്ദ്രനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് 69,25,340 രൂപ.
കുഫോസ് മുൻ വി.സി ഡോ. റിജി ജോൺ 35,71,311 രൂപയും മടക്കി നൽകണം. KTU, കാലിക്കറ്റ്, കുസാറ്റ്, മലയാളം , ഓപ്പൺ സർവകലാശാല വിസിമാരും പണം തിരിച്ചടയ്ക്കേണ്ടവരുടെ പട്ടികയിലുണ്ട്. തുക മടക്കി നൽകിയ ശേഷം ഇക്കാര്യം ഔദ്യോഗികമായി രാജ്ഭവനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെയായിരുന്നു വിസിമാർ നിയമ പോരാട്ടത്തിനിറങ്ങിയത്.