ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പേര് പുറത്തുവന്നത് തെറ്റിദ്ധാരണയ്ക്കിടയാക്കി; വിശദീകരണവുമായി പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍

ഇതുവരെ രൂപീകരിക്കാത്ത 'സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരില്‍ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം.
ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പേര് പുറത്തുവന്നത് തെറ്റിദ്ധാരണയ്ക്കിടയാക്കി; വിശദീകരണവുമായി പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍
Published on

മലയാള സിനിമാ പ്രവര്‍ത്തകരുടെ പുതിയ സംഘടനയായ പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷന്‍റെ രൂപീകരണവുമായ ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി താത്കാലിക സമിതി അംഗങ്ങൾ. സംഘടനയുടെ ആലോചനാ ഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി പുറത്താവുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകള്‍ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ പല കാര്യങ്ങളും തെറ്റിധരിക്കപ്പെട്ടുവെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.

ഇതുവരെ രൂപീകരിക്കാത്ത 'സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരില്‍ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. താത്കാലിക കമ്മിറ്റിക്ക് വേണ്ടി ആഷിഖ് അബു, രാജീവ് രവി , കമല്‍ കെ.എം, അജയന്‍ അടാട്ട് എന്നിവരാണ് വാര്‍ത്താകുറിപ്പിലൂടെ വിശദീകരണം അറിയിച്ചത്. സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയമാണ് ചര്‍ച്ച ചെയ്തത്.

സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കും. നിർമാതാവ് മുതല്‍ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണെന്നതാണ് സംഘടനയുടെ കാഴ്ചപ്പാട്. സിനിമയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഭരണസമിതിയില്‍ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ താത്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ സംഘടന പൂര്‍ണരൂപം പ്രാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമയിലെ പ്രമുഖ സംഘടനകളായ AMMA, FEFKA തുടങ്ങിയ സംഘടനകള്‍ക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഷിക് അബു, രാജീവ് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

സംഘടനയില്‍ അംഗമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരുന്നു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ നിലവില്‍ ഭാഗമല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com