
യുഎസില്‍ തീവ്ര വലതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിക്കാനായി തയ്യാറാക്കിയ വിവാദ നയ പദ്ധതിയായ പ്രൊജക്ട് 2025 തയ്യാറാക്കിയ ഹെറിട്ടേജ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ് കെവിന്‍ റോബർട്ട്സിന്‍റെ പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദത്തില്‍. എഫ്ബിഐ, ന്യൂയോർക്ക് ടൈംസ്, ഐവി ലീഗ് കോളേജുകള്‍ എന്നിങ്ങനെ യാഥാസ്ഥിതികതയ്ക്ക് വിരുദ്ധമെന്ന് കരുതപ്പെടുന്ന അമേരിക്കൻ സ്ഥാപനങ്ങളെയും സംഘടനകളെയും കത്തിക്കുവാന്‍ തീവ്ര വലതുപക്ഷക്കാരോട് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകള്‍ പുസ്തകത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റോബർട്ട്സിൻ്റെ പുസ്തകം, ഡോൺസ് ഏർലി ലൈറ്റ്: ടേക്കിംഗ് ബാക്ക് വാഷിംഗ്ടൺ ടു സേവ് അമേരിക്ക, അടുത്ത ആഴ്ചയാണ് പ്രസിദ്ധീകരിക്കുന്നത്.
വിർജിലിൻ്റെ ഐനീഡിൻ്റെ ഒരു ഉദ്ധരണിയിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. "എൻ്റെ ആത്മാവിന് തീ പിടിക്കുന്നു, മരിച്ചുകൊണ്ടിരിക്കുന്ന എന്‍റെ ഭൂമിക്ക് വേണ്ടി പ്രതികാരം ചെയ്യാൻ കോപത്തോടെ ഞാന്‍ എഴുന്നേൽക്കുന്നു",റോബർട്ട്സ് എഴുതി. ഇവിടെ കൊണ്ടും അവസാനിക്കുന്നില്ല. 'തീയെ തീകൊണ്ട് നേരിടുക' എന്നിങ്ങനെയുള്ള ക്ലാസിക്കൽ ഉദ്ധരണികളും ക്ലീഷേ പദ പ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് റോബർട്ടിന്‍റെ പുസ്തകം. കാട്ടുതീ, യുഎസിലെ കാട്ടുതീ പ്രതിരോധത്തിന്‍റെ പ്രതീകമായ സ്മോക്കി ബിയർ എന്നിങ്ങനെയുള്ള രൂപകങ്ങളും പുസ്തകത്തില്‍ കാണാം.
“യുഎസില്‍ ധാരാളം ഇന്ധനമുണ്ട്. കാടിനുള്ളിലെ പാഴ്‌മരം പോലെ, അമേരിക്കയിലെ പല സ്ഥാപനങ്ങളും പൂർണമായും പൊള്ളയായിരിക്കുന്നു ... ജീർണിച്ചതും വേരുകളില്ലാത്തതുമായ ഈ സ്ഥാപനങ്ങൾ നമ്മുടെ അഴിമതിക്കാരായ ഉന്നതരുടെ അഭയകേന്ദ്രമായി മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം, അവർ വെളിച്ചം തടയുകയും പുതിയ അമേരിക്കൻ സ്ഥാപനങ്ങൾ വളരുന്നതിന് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു. അമേരിക്ക വീണ്ടും തഴച്ചുവളരണമെങ്കിൽ, ഇവ പരിഷ്കരിക്കപ്പെടേണ്ടതില്ല; ഇവയൊക്കെ കത്തിച്ചുകളയണം. ഒരു നല്ല തുടക്കമെന്ന നിലയ്ക്ക് എല്ലാ ഐവി ലീഗ് കോളേജുകളും, എഫ്ബിഐ, ന്യൂയോർക്ക് ടൈംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ്, വിദ്യാഭ്യാസ വകുപ്പ്, 80 ശതമാനം 'കത്തോലിക്' ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ബ്ലാക്ക് റോക്ക്, ലൗഡൗൺ കൗണ്ടി പബ്ലിക് സ്കൂൾ സിസ്റ്റം, ബോയ് സ്കൗട്ട്സ് അമേരിക്ക, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, വേൾഡ് ഇക്കണോമിക് ഫോറം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, എന്നിവയെ പട്ടികയില്‍ ഉള്‍പ്പെടുത്താം.”- കെവിന്‍ റോബർട്ട്സ് എഴുതുന്നു.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച റിവ്യൂ കോപ്പികള്‍ അവലോകനം ചെയ്തതിലാണ് പുസ്തകത്തില്‍ നിരവധി അക്രമാസക്തമായ ബിംബങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. യുഎസിന്‍റെ നിയുക്ത വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് എഴുതിയ ആമുഖത്തിലടക്കം ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ കാണാം. പുസ്തകത്തിന് റോബർട്ട് നല്‍കിയിരുന്ന യഥാർഥ ഉപശീർഷകം തന്നെ 'ബേണിംഗ് ഡൗൺ വാഷിംഗ്ടൺ ടു സേവ് അമേരിക്ക' എന്നായിരുന്നു.
പ്രോജക്ട് 2025നെപ്പറ്റിയും റോബർട്ട്സിന്‍റെ പുസ്തകത്തെപ്പറ്റിയും അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നത്. ട്രംപ് പുസ്തകത്തെ തള്ളിപ്പറഞ്ഞതിനു പിന്നാലെ വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം മാറ്റിവെയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതോടെ റോബർട്ടിന്‍റെ പുസ്തകവും പ്രോജക്ട് 2025ഉം വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡൻ്റ് അമേരിക്കയെ എങ്ങനെ ഭരിക്കണമെന്ന നിർദേശങ്ങളായിരുന്നു പ്രൊജക്ട് 2025 പ്രസിദ്ധീകരിച്ച 900 പേജുകളുള്ള നയരേഖയിലുണ്ടായിരുന്നത്. ഒരു യാഥാസ്ഥിതിക ഭരണത്തിന് മാത്രമേ തീവ്ര ഇടതുപക്ഷ ചിന്താഗതി പിടിമുറുക്കിയ അമേരിക്കയെ ഇനി രക്ഷിക്കാൻ കഴിയൂ എന്നായിരുന്നു ഹെറിട്ടേജ് ഫൗണ്ടേഷൻ്റെ പക്ഷം. പ്രശസ്ത അമേരിക്കൻ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പിരിച്ചുവിടുക, നിയമനിർമാണ വകുപ്പായ ഡിപാർട്മെൻ്റ് ഓഫ് ജസ്റ്റിസിലേക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുക, പാരിസ്ഥിതിക നിയന്ത്രണങ്ങൾ ലംഘിച്ച് അനിയന്ത്രിത ഫോസിൽ ഇന്ധന ഉത്പാദനം നടത്തുക എന്നിവയാണ് പ്രൊജക്ട് 2025 അഥവാ പ്രസിഡൻഷ്യൽ പരിവർത്തന പദ്ധതിയിലെ ചില നിർദേശങ്ങള്‍. പ്രസിഡൻഷ്യൽ ഭരണത്തിനായുള്ള ഈ ഗൈഡ് ബുക്കിൻ്റ ഉപജ്ഞാതാക്കളിൽ പലരും ട്രംപ് അനുകൂലികളാണ്. ആ പദ്ധതിയുടെ രൂപീകരണത്തിൽ ട്രംപിൻ്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ഭാഗമായിരുന്നു എന്നാണ് റിപ്പോർട്ട്.