
രാജ്യമാകെ ഉറ്റുനോക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. ഹരിയാന രാഷ്ട്രീയത്തിലെ പരിചിതമായ നിരവധി മുഖങ്ങളാണ് ഇത്തവണ തെരഞ്ഞടുപ്പ് ഗോദയിലിറങ്ങിയത്. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും മത്സരംഗത്തുണ്ട്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല, കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, ഹരിയാനയിലെ കൈതാലിൽ കോൺഗ്രസിൻ്റെ യുവനേതാവ് ആദിത്യ സുർജേവാല, ഗുസ്തി താരം വിനേഷ് ഫോഗട്ടും മത്സരംഗത്തുള്ള പ്രമുഖ വ്യക്തികളാണ്.
നയാബ് സിംഗ് സൈനിയെ ലഡ്‌വ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. ബാദ്‌ലി മണ്ഡലത്തിൽ നിന്നാണ് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിയുമായ ഓം പ്രകാശ് ധങ്കർ ജനവിധി തേടുന്നത്. അംബാല കാൻ്റിൽ നിന്ന് മത്സരിക്കുന്ന മുതിർന്ന പാർട്ടി നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ അനിൽ വിജാണ് ബിജെപിയുടെ മറ്റൊരു പ്രധാന സ്ഥാനാർഥിയാണ്.
ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. 101 സ്ത്രീകളടക്കം 1031 സ്ഥാനാർഥികളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ നടക്കുന്നത്. ഓരോ നിമിഷവും മാറി മറിയുന്ന ഫലത്തിൻ്റെ അവസാന ഘട്ടത്തിലെത്താനും, ജനവിധി ആർക്കൊപ്പമാണെന്നറിയാനും ഇനിയും കുറച്ചു മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.