
ലോക്സഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ഇത് ജനങ്ങളുടെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന സർക്കാരെന്നും, തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻ്റെ നുണപ്രചരണം പരാജയപ്പട്ടുവെന്നും മോദി പറഞ്ഞു. സഭയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രധാന മന്ത്രിയുടെ പ്രസംഗം. ഇന്ന് ഭരണഘടന പിടിക്കുന്നവർ മുൻപ് അത് പിടിച്ചടക്കിയവരെന്നും മോദി പറഞ്ഞു. കോൺഗ്രസിന് ചരിത്രത്തിലെ മൂന്നാമത്തെ പരാജയമാണ് ഏറ്റുവാങ്ങുന്നത്. തുടർച്ചയായി 100 സീറ്റ് തികയ്ക്കാൻ പോലും കഴിഞ്ഞില്ല. എന്നിട്ടും ആത്മപരിശോധന നടത്താതെ ഭരിക്കാൻ നടക്കുകയാണെന്നും മോദി വിമർശിച്ചു.
ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു. ഇത് ജനങ്ങളുടെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന സർക്കാരെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ നിരാശ മനസ്സിലാകും. തെരഞ്ഞെടുപ്പിൽ അവരെ ജനം പരാജയപ്പെടുത്തി. ജനം മതേതരത്വത്തിന് വോട്ടു ചെയ്തു. പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറന്നതും മറുപടി പറയുന്ന വേളയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കാണാം എന്നും വെല്ലുവിളിച്ച കോൺഗ്രസിന് 1984 ന് ശേഷം ഇതുവരെ കോൺഗ്രസ് 250 കടക്കാനായിട്ടില്ല.13 സംസ്ഥാനങ്ങളിൽ ഒരു സീറ്റുമില്ല,പിന്നെ ഹീറോ ആയില്ലേ എന്ന് രാഹുലിനെ ചൂണ്ടി പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷത്ത് തന്നെ ഇരിക്കൂ മുദ്രാവാക്യം വിളിക്കൂ എന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഇന്ത്യ സഖ്യകക്ഷികൾ കോൺഗ്രസിനെ കരുതിയിരിക്കണം. സഖ്യകക്ഷികളുടെ വോട്ട് കോൺഗ്രസ് ഊറ്റും. സഖ്യകക്ഷികളുടെ സഹായം കൊണ്ടാണ് കോൺഗ്രസ് ഇത്ര സീറ്റ് നേടിയതെന്നും മോദി പറഞ്ഞു.
മോദിയുടെ മറുപടിക്കിടെ പ്രതിപക്ഷ ബഹളത്തിൽ സഭ പ്രക്ഷുബ്ധമായി. മണിപ്പൂർ വിഷയത്തിൽ മോദി പ്രതികരിക്കണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിൻ്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പാര്‍ലമെൻ്റിൻ്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു.