നിർദിഷ്ട ശബരിമല വിമാനത്താവളം; സമൂഹികാഘാത പഠനം ഈ മാസം ആരംഭിക്കും

തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റായിരിക്കും പഠനം നടത്തുക
നിർദിഷ്ട ശബരിമല വിമാനത്താവളം; സമൂഹികാഘാത പഠനം ഈ മാസം ആരംഭിക്കും
Published on

നിർദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സമൂഹികാഘാത പഠനം ഈ മാസം 19ന് ആരംഭിക്കും. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റായിരിക്കും പഠനം നടത്തുക.

ശബരിമല വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിനായുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് കൈമാറാനാണ് നിർദേശം. ഈ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. 2023 ജനുവരി 23ന് ഇറക്കിയ ആദ്യ വിജ്ഞാപനം പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.


അതേസമയം, ശബരിമല വിമാനത്താവളത്തിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായുള്ള, അന്തരീക്ഷത്തിലെ തടസങ്ങൾ സംബന്ധിച്ച പഠനം ആരംഭിച്ചു. മുംബൈ ആസ്ഥാനമായ സ്റ്റുപ്പ് എന്ന ഏജൻസിയാണ് പഠനം നടത്തുന്നത്. കാറ്റ്, ഭൂഘടന, വെള്ളത്തിൻ്റെ ഒഴുക്ക്, അടിത്തട്ടിൻ്റെ ഉറപ്പ്, കുന്നുകൾ, കെട്ടിടങ്ങൾ, താമസിക്കുന്നവർ തുടങ്ങിയ വിവരങ്ങൾ ഘട്ടം ഘട്ടമായി ശേഖരിക്കും. പഠനം പൂർത്തിയാവാൻ ആറ് മാസമെങ്കിലുമെടുക്കും. സ്റ്റുപ്പിനെ സഹായിക്കാനായി ജിയോടെക്ക് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 4 കോടി രൂപയ്ക്കാണ് സ്റ്റുപ്പ് പഠന ചുമതല ഏറ്റെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com