സ്കൂള്‍ കായികമേളയിലെ പ്രതിഷേധം: NMHSS തിരുനാവായ, മാർ ബേസിൽ HSS കോതമംഗലം സ്കൂളുകള്‍ക്ക് അടുത്ത കായികമേളയില്‍ വിലക്ക്

കൊച്ചിയിൽ നടന്ന കായിക മേളയുടെ സമാപനത്തിലാണ് പോയിന്റ് പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇരു സ്കൂളുകളും പ്രതിഷേധം നടത്തിയത്
സ്കൂള്‍ കായികമേളയിലെ പ്രതിഷേധം: NMHSS തിരുനാവായ, മാർ ബേസിൽ HSS കോതമംഗലം സ്കൂളുകള്‍ക്ക് അടുത്ത കായികമേളയില്‍ വിലക്ക്
Published on

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളിനെ അടുത്ത കായികമേളയിൽ നിന്നു വിലക്കിയിതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എൻഎംഎച്ച്എസ്എസ് തിരുനാവായ, മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം എന്നീ സ്കൂളുകളെയാണ് വിലക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന കായിക മേളയുടെ സമാപനത്തിലാണ് പോയിന്റ് പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇരു സ്കൂളുകളും പ്രതിഷേധം നടത്തിയത്. 

അതേസമയം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിധികർത്താക്കളെ തെരഞ്ഞെടുക്കുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുതാര്യതയും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ജഡ്ജസിനെ തെരഞ്ഞെടുക്കുന്നത്. അഴിമതി സാധ്യതകൾ ഇല്ല എന്ന് ഉറപ്പു വരുത്തുന്ന നടപടിക്രമങ്ങൾ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

സംസ്ഥാന ഇന്റലിജൻസും വിജിലൻസും ജഡ്ജസിന്റെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണമേർപ്പെടുത്തും. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടെയും സർവ്വീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽ നിന്നുള്ള സർവീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നും നടത്തുമെന്നും മന്ത്രി അറിയിച്ചു.

ജനുവരി നാല് മുതൽ 8 വരെയാണ് തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് കലോത്സവത്തിൻ്റെ പ്രധാന വേദി. 25 വേദികളിലായി 249 ഇനം മത്സരങ്ങളാണ് നടക്കുന്നത്. മേളയുടെ ഉദ്‌ഘാടനം ജനുവരി നാലിന്‌ രാവിലെ 10ന്‌ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം വേദിയിൽ അവതരിപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com