
രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് വൻ തുക പിഴയിട്ട് കോഴിക്കോട് എൻഐടി. സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾ 33 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു വിദ്യാർഥി ആറര ലക്ഷത്തിലധികം രൂപ പിഴയടക്കേണ്ടി വരും.
ക്യാമ്പസിലെ രാത്രി കാല കർഫ്യൂ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 22ന് എൻഐടി വിദ്യാർഥികൾ സമരമിരിക്കുകയായിരുന്നു. സമരം മൂലം ജീവനക്കാർക്ക് ക്യാമ്പസിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്നും അതിനാൽ ഒരു പ്രവൃത്തി ദിവസം നഷ്ടമായെന്നും ചൂണ്ടികാട്ടിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. വൈശാഖ് പ്രേംകുമാർ, കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർശ്,ബെൻ തോമസ് എന്നിവർക്കെതിരെയാണ് എൻഐടിയുടെ നടപടി.ഏഴുദിവസത്തിനകം മറുപടി നൽകാനും ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികൾ അർധരാത്രിക്ക് ശേഷം പുറത്തിറങ്ങരുതെന്നും ഹോസ്റ്റലിൽ കയറണമെന്നതുമടക്കമുള്ള സർക്കുലർ ഡീൻ പുറത്തിറക്കിയതോടെയാണ് സമരവുമായി വിദ്യാർത്ഥികളെത്തിയത്. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ക്യാമ്പസ് കാൻ്റീൻ പ്രവർത്തന സമയം രാത്രി 11 വരെയാക്കിയതുൾപ്പെടെ വിദ്യാർഥികളെ ചൊടിപ്പിച്ചു. രാത്രി പുറത്തിറങ്ങുന്നത് സുരക്ഷയെ ബാധിക്കുമെന്ന് പരാമർശിച്ചുകൊണ്ടായിരുന്നു സർക്കുലർ പുറത്തിറങ്ങിയത്.