
ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിനിടയിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാർ. രാജി പ്രഖ്യാപിച്ച് ഹസീന രാജ്യം വിട്ടയുടനെയാണ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കപ്പെട്ടത്.
ഹസീനയുടെ ബെഡിൽ കയറിക്കിടക്കുന്നതും, ബിരിയാണിയും ഭക്ഷണവുമെല്ലാം കഴിക്കുന്നതുമെല്ലാം എക്സിൽ പങ്ക് വെച്ചിട്ടുണ്ട്. സാരികളും സ്യൂട്ട്കേസുമെല്ലാം എടുത്തു കൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി ഗാനഭബനിൽ ബംഗ്ലാദേശിൻ്റെ പതാകയുമായാണ് പ്രതിഷേധക്കാർ അതിക്രമിച്ച് കയറിയത്.
വില കൂടിയ പെയിൻ്റിംഗുകൾ, പരവതാനികൾ, ക്ലോക്കുകൾ എന്നിവയെല്ലാം പ്രതിഷേധക്കാർ സ്വന്തമാക്കി. ഇതിൻ്റെ നിരവധി വീഡിയോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഷെയ്ഖ് ഹസീനയുടെ അടുത്ത ആളുകളുടെ വീടുകളും ഇത്തരത്തിൽ തകർക്കപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ പ്രതിമയും തകർക്കപ്പെട്ടിരുന്നു.
ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ താൽക്കാലിക അഭയം പ്രാപിച്ചിരിക്കുകയാണ്.