
തമിഴ്നാട്ടില്‍ പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സാംസങ്. പണിയെടുക്കാത്തവർക്ക് കൂലിയില്ലെന്നും നാല് ദിവസത്തിനകം ജോലിക്ക് തിരിച്ചെത്താത്ത ജീവനക്കാരെ പിരിച്ചുവിടുമെന്നും ഇമെയില്‍ വഴിയാണ് സാംസങ്ങിൻ്റെ ഭീഷണി സന്ദേശം. പണിയെടുക്കാത്തവർക്ക് കൂലിയില്ല എന്നാണ് കമ്പനി നയം. അതുകൊണ്ട്, സമരത്തില്‍ നിന്ന് പിന്മാറാത്തവരുടെ, ഓഗസ്റ്റ് ഒൻപത് മുതലുള്ള ശമ്പളം പിടിച്ചുവയ്ക്കും, ഇതിനുപുറമെ, നാല് ദിവസത്തിനകം ജോലിയില്‍ തിരിച്ചെത്താവരെ പിരിച്ചുവിടും എന്നും സാംസങ് ഇന്ത്യയുടെ എച്ച്ആർ ടീം അയച്ച ഇമെയിലില്‍ പറയുന്നു. കമ്പനി ചട്ടങ്ങളെക്കുറിച്ച് തൊഴിലാളിക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഉദ്ദേശമെന്നാണ് ഇക്കാര്യത്തില്‍ സാസങ് ഇന്ത്യയുടെ വിശദീകരണം.
കാഞ്ചീപുരത്തെ സാംസങ് ഗൃഹോപകരണ പ്ലാൻ്റില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപത് മുതലാണ് തൊഴിലാളി സമരം ആരംഭിച്ചത്. തൊഴില്‍ സമയവും വേതനവും പുനർനിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നേരത്തെ, സമരക്കാരെ, അറസ്റ്റുചെയ്ത് നീക്കാനും കോടതി വഴി സമരം അവസാനിപ്പിക്കാനും മാനേജ്മെന്‍റ് ശ്രമിച്ചെങ്കിലും ഈ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച പിരിച്ചുവിടല്‍ ഭീഷണിയെത്തിയത്.
പ്ലാന്‍റിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിവന്ന നൂറിലധികം തൊഴിലാളികളെ അറസ്റ്റുചെയ്ത് നീക്കാനുള്ള ശ്രമം ഉണ്ടായതോടെ മാനേജുമെന്‍റുമായി നടത്തിവന്ന ചർച്ചകള്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളി നേതൃത്വം ബഹിഷ്കരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യമെട്ട് മാനേജ്മെന്‍റ് കോടതിയെ സമീപിച്ചു. എന്നാൽ ഈ ആവശ്യം നിഷേധിച്ച ജില്ലാ കോടതി പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് വ്യാഴാഴ്ച നിർദേശിച്ചത്.
1,800 തൊഴിലാളികളുള്ള കാഞ്ചീപുരത്തെ സാംസങ് പ്ലാന്‍റിലെ 1,000ത്തിലധികം തൊഴിലാളികള്‍ നിലവില്‍ പണിമുടക്കിലാണ്. സാംസങ്ങിൻ്റെ ഇന്ത്യയിലെ വാർഷിക വരുമാനമായ 12 ബില്യൺ ഡോളറില്‍ മൂന്നിലൊന്നും ഈ പ്ലാന്‍റില്‍ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സിഐടിയു തൊഴിലാളി യൂണിയനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ മാനേജ്മെന്‍റ് ഉറച്ചുനില്‍ക്കുന്നതോടെ ചർച്ചകള്‍ പ്രതിസന്ധിയിലാവുകയാണ്.