
കോഴിക്കോട് ജില്ലയിലെ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും പ്രതിഷേധം. കഴിഞ്ഞ എല്ലാ സമ്മേളനത്തിലും വടകരയിൽ നിന്നുള്ള പി.കെ. ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സിപിഎമ്മിലെ ഒരു വിഭാഗം വടകര മുടപ്പിലാവിലും, തിരുവള്ളൂരിലും പ്രതിഷേധം നടത്തിയത്.
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് രാവിലെ ജില്ലാ സെക്രട്ടറി എം. മെഹബൂബിൻ്റെ സാന്നിധ്യത്തിൽ വടകര ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. പാർട്ടി നേതൃത്വം ചർച്ച നടത്തുന്നതിനിടയിലാണ് വടകരയിൽ വീണ്ടും വിമതരുടെ പ്രകടനം. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം.
തിങ്കളാഴ്ച രാത്രി സിപിഎം ശക്തി കേന്ദ്രമായ വടകരയിലെ മണിയൂരിലും പി.കെ. ദിവാകരനെ അനുകൂലിച്ചുകൊണ്ട് പ്രകടനം നടന്നിരുന്നു. സിപിഎം വടകര ഏരിയ സെക്രട്ടറിയും, മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു പി.കെ. ദിവാകരൻ.