വൈക്കം സത്യാഗ്രഹത്തിൻ്റെ സമ്പൂർണ നായകത്വം പെരിയാറിന് കൊടുക്കുന്നത് ശരിയല്ല, യഥാർഥ മാസ്മര ശിൽപി ശ്രീനാരായണ ഗുരു: പി.എസ്. ശ്രീധരൻ പിള്ള

എം. ജയരാജ് രചിച്ച 'വൈക്കം സത്യാഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ കോഴിക്കോട് വെച്ചായിരുന്നു പി.എസ്. ശ്രീധരൻ പിള്ളയുടെ പരാമർശം
വൈക്കം സത്യാഗ്രഹത്തിൻ്റെ സമ്പൂർണ നായകത്വം പെരിയാറിന് കൊടുക്കുന്നത് ശരിയല്ല, യഥാർഥ മാസ്മര ശിൽപി ശ്രീനാരായണ ഗുരു: പി.എസ്. ശ്രീധരൻ പിള്ള
Published on

വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിനെതിരെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ശ്രീനാരായണ ഗുരുദേവാനാണ് വൈക്കം സത്യാഗ്രഹത്തിൻ്റെ മാസ്മരശില്പിയെന്നും സമ്പൂർണ നായകത്വം തന്തൈപെരിയാറിന് നൽകുന്നത് ശെരിയല്ലെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എം. ജയരാജ് രചിച്ച 'വൈക്കം സത്യാഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ കോഴിക്കോട് വെച്ചായിരുന്നു പി.എസ്. ശ്രീധരൻ പിള്ളയുടെ പരാമർശം


ഡിസംബറിൽ തന്തൈ പെരിയാർ സ്മാരകം സ്ഥാപിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം അബദ്ധജഡിലമായ ഒന്നാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പക്ഷം. ചരിത്രത്തോട് കാട്ടുന്ന നീതിയാണോ ഇതെന്ന് ആലോചിക്കണം. സമ്പൂർണ നായകത്വം തന്തൈപെരിയാറിന് കൊടുക്കുന്നത് ശരിയല്ല. വൈകാരികമായ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നവീകരണം പൂർത്തിയായ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫോട്ടോ മ്യൂസിയവും പാർക്കും അടങ്ങുന്ന 70 സെൻ്റ് സ്ഥലത്താണ് തന്തൈ പെരിയാർ സ്മാരകം നിർമിച്ചിരിക്കുന്നത്. വൈക്കം സത്യാഗ്രഹത്തിൽ പെരിയാറിനുള്ള മഹനീയമായ പങ്ക് വ്യക്തമാക്കുന്നതാണ് സ്മാരകം. 1985ലാണ് കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ തന്തൈ പെരിയാർ സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചത്. 1994ൽ സ്മാരകം പൂർത്തീകരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് സ്മാരകം നവീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 8.14 കോടി രൂപ അനുവദിച്ചത്. തന്തൈ പെരിയാറിന്റെ ജീവിതവും സമര പോരാട്ടങ്ങളും വരും തലമുറയ്ക്കും പകർന്നുനൽകാനുതകും വിധമാണ് സ്മാരകം നിർമിച്ചിരിക്കുന്നത്.

1924ൽ വൈക്കം സത്യാഗ്രഹം ആരംഭിച്ച കാലഘട്ടത്തിൽ മുൻനിര നേതാക്കളായ ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, ബാരിസ്റ്റർ ജോർജ് ജോസഫ് തുടങ്ങിയവർ ജയിലിലായി. തുടർന്നാണ് ഇ.വി. രാമസ്വാമി വൈക്കത്തെത്തി സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. ബാരിസ്റ്റർ ജോർജ് ജോസഫും കെ.പി. കേശവ മേനോനും വൈക്കത്തെ സ്ഥിതി ചൂണ്ടിക്കാട്ടി പെരിയാർക്ക് അയച്ച കത്ത് വായിച്ച ശേഷമാണ് അദ്ദേഹം വൈക്കത്തേക്ക് പുറപ്പെട്ടത്. സത്യാഗ്രഹത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ പെരിയാർ നിരവധി പ്രസംഗങ്ങൾ നടത്തി.

ഭരണകൂടം വൈക്കത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രസംഗിച്ച പെരിയാറിനെയും മറ്റ് മൂന്ന് നേതാക്കളെയും അറസ്റ്റുചെയ്ത് അരുവിക്കുറ്റിയിലുള്ള ജയിലിലടച്ചു. തുടർന്ന് പെരിയാറിന്റെ ഭാര്യ നാഗമ്മാൾ വൈക്കത്തെത്തി, വനിതകളെ സംഘടിപ്പിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്തി. ജയിൽമോചിതനായ പെരിയാർ വീണ്ടും സത്യാഗ്രഹത്തിൽ പങ്കെടുത്തു. പിന്നീട് ദേശഭ്രഷ്ട് കല്പിച്ചുകൊണ്ടാണ് ഭരണകൂടം പെരിയാറിനെ നേരിട്ടത്. ഈ ഉത്തരവും ലംഘിക്കപ്പെട്ടതോടെ ആറുമാസം കഠിനതടവായിരുന്നു ശിക്ഷ. പല സ്ഥലങ്ങളിലായി പെരിയാർ നടത്തിയ തമിഴിലുള്ള പ്രസംഗം സിംഹഗർജനം പോലെ ജനങ്ങളുടെ മനസിലേക്ക് ആഴ്ന്നിറങ്ങി. പിന്നീട് അദ്ദേഹം 'വൈക്കം വീരൻ' ആയി മാറുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com