
കോഴിക്കോട്ടെ പിഎസ്‌സി കോഴ വിവാദത്തിൽ ആരോപണവിധേയനായ യുവനേതാവ് പ്രമോദ് കൊട്ടൂളി മറ്റ് സിപിഎം നേതാക്കളുടെ പേരിലും കോഴ വാങ്ങിയതായി വിവരം. പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിലാണ് പ്രമോദ് കൊട്ടൂളി കൂടുതൽ നേതാക്കളുടെ പേരുകളിൽ പണം കൈപ്പറ്റിയെന്ന് പരാമർശിക്കുന്നത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെ നിയമിച്ചു. വിവാദം കൂടുതൽ തലങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സിപിഎം അനുഭാവിയായ ആള്‍ക്ക് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പ്രമോദ് 22 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് മുഖേന പിഎസ്‌സി അംഗത്വം തരപ്പെടുത്താമെന്ന പേരിൽ കോഴ വാങ്ങി എന്ന ആരോപണമാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ ഉണ്ടായിരുന്നതായി ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ പരാതിയിൽ കൂടുതൽ നേതാക്കളുടെ പേരുകൾ പരാമർശിക്കുന്നതായാണ് വിവരം.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിന് പുറമെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, എംഎൽഎമാരായ കെ.എം സച്ചിൻ ദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.സജീവൻ്റെ പേരും സിപിഎം സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകിയ പരാതിയിലാണ് ഇവരുടെ പേരുകളുള്ളത്.
കോഴ ആരോപണം നിലനിൽക്കെയാണ് ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്യുക. മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരും പരാതിയിൽ വന്നതോടെ മന്ത്രിയും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. വിഷയം കൂടുതൽ വിവാദമായതോടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രമോദ് കൊട്ടൂളിയെ പദവിയിൽ നിന്ന് നീക്കാനും സാധ്യതയുണ്ട്.