
പിഎസ്‌സി കോഴ ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും പുറത്താക്കിയ പ്രമോദ് കോട്ടൂളി ഇന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകും. അന്വേഷണ ഏജൻസികൾക്കോ പൊലീസിനോ പരാതി നൽകുന്നത് നിയമവിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷമായിരിക്കും. "മുഹമ്മദ് റിയാസ് നേതൃത്വത്തിന് നൽകിയ പരാതിയെക്കുറിച്ച് അറിയില്ല. ഭക്ഷണം കൊടുത്ത കൈയ്ക്ക് തിരിച്ചു കൊത്തരുത്. സിപിഎമ്മിനുള്ളിൽ തിരക്കഥാകൃത്തുകളുണ്ട്. ഇത് അവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. തന്നെ തള്ളിപ്പറഞ്ഞിട്ടും പാർട്ടിയെ തള്ളിപ്പറയാൻ ആവുന്നില്ല, പാർട്ടിയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാവും എന്ന് ഇപ്പോഴും വിശ്വസിക്കുന്നു" പ്രമോദ് കോട്ടൂളി പറഞ്ഞു.
കഴിഞ്ഞ ദിവസം, പിഎസ്‌സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളിക്ക് താൻ പണം നൽകിയിട്ടില്ലെന്ന് ആരോപണമുന്നയിച്ച ചേവായൂർ സ്വദേശി ശ്രീജിത്ത് തന്നെ പറഞ്ഞിരുന്നു. താൻ പാർട്ടിക്ക് ഒരു പരാതിയും നൽകിയിട്ടില്ലെന്നും, പ്രമോദ് വീടിന് മുൻപിൽ പ്രതിഷേധിച്ചതിൽ തനിക്ക് പരാതിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിൻ്റെ ഫോൺ സംഭാഷണം ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.