
ദേശീയ ഗെയിംസിലെ കേരളത്തിൻ്റെ മോശം പ്രകടനത്തിന് പിന്നാലെ കായികമന്ത്രിയും കേരള ഒളിംപിക് അസോസിയേഷനും കൊമ്പുകോർത്തതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ.
ഭയപെടുത്തൽ ഇങ്ങോട്ട് വേണ്ടെന്നും ഒളിംപിക് അസോസിയേഷനെതിരെ പുട്ടടിയെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി വി.അബ്ദുറഹിമാൻ വീണ്ടും പ്രതികരണം നടത്തി. തൻ്റെ പ്രവർത്തനത്തിന് കേരള ഒളിംപിക് അസോസിയേഷൻ്റെ സർട്ടിഫിക്കറ്റ് വേണ്ട. ജനങ്ങളുടെ സർട്ടിഫിക്കറ്റ് മതി, അത് കിട്ടുന്നുണ്ടെന്നും കായികമന്ത്രി മറുപടി നൽകി.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷൻ പി.ടി. ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നും ദേശീയ ഗെയിംസിൽ നിന്ന് കളരിയെ പുറത്താക്കിയപ്പോൾ പി.ടി. ഉഷ ഇടപെട്ടിട്ടില്ലെന്നും വി. അബ്ദുറഹിമാൻ വിമർശിച്ചു. ദേശീയ ഗെയിംസിൽ ചില മത്സരങ്ങളിൽ ഒത്തുതീർന്നെന്ന ആരോപണത്തിലും മന്ത്രി ഉറച്ചുനിന്നു. മെഡൽ തിരിച്ച് നൽകുന്നവർ നൽകട്ടെയെന്നും, പകരം സ്വർണം വാങ്ങി വരട്ടെയെന്നും കായിക മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ദേശീയ കായികമേളയിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രി അബ്ദുറഹിമാനും സ്പോർട്സ് കൗൺസിലും ആണെന്നാരോപിച്ച് ഒളിംപിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സുനിൽ കുമാർ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ തിരിച്ചടിച്ചത്. കായിക വകുപ്പിനെ വിമർശിക്കുന്ന സുനിൽകുമാർ തൻ്റെ നേതൃത്വത്തിലുള്ള ഹോക്കി സംഘടനയിലെ സംസ്ഥാന പ്രാതിനിധ്യം എത്രയാണെന്ന് ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു.
കായിക മേഖലയിലെ വികസനത്തിന് കായിക സംഘടനകളുടെ ഏകീകരണം അത്യാവശ്യമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്പോർട്സ് കൗൺസിലുകൾക്ക് സർക്കാർ എല്ലാത്തരം സാമ്പത്തിക പിന്തുണയും നൽകുന്നുണ്ട്. കളരിപ്പയറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉള്ളവരുടെ തലതിരിഞ്ഞ സമീപനം കേരളത്തിൻ്റെ മെഡൽ സാധ്യതകളെ നഷ്ടപ്പെടുത്തിയെന്നും മന്ത്രി ആരോപിച്ചു.
മന്ത്രി വി. അബ്ദുറഹിമാന് എതിരെയുള്ള ഒളിംപിക് അസോസിയേഷൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി രംഗത്തെത്തിയിരുന്നു. കേരള ഒളിംപിക് അസോസിയേഷൻ കേരളത്തിലെ കായിക മേഖലയ്ക്ക് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും ഷറഫലി വിമർശിച്ചു.