
ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂരിൽ ഇന്ന് പുലികളി മഹോത്സവം. പുലിത്താളത്തിൽ കുടവയറും അരമണിയും കുലുക്കി ചുവടുവെച്ച് നൂറുകണക്കിന് പുലികൾ ഇന്ന് ശക്തൻ്റെ തട്ടകത്തിൽ ഇറങ്ങും. ഏഴു ദേശങ്ങൾക്ക് കീഴിലായി 357 പുലികളും നൂറുകണക്കിന് വാദ്യ മേളക്കാരും വാശിയേറിയ മത്സരത്തിൽ മാറ്റുരയ്ക്കും. അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയാക്കി പുലിമടകൾ സ്വരാജ് റൗണ്ടിൽ ഇറങ്ങാൻ കാത്തിരിക്കുകയാണ്.
ഇന്ന് പുലർച്ചെ ആറുമണിയോടെ പുലികളുടെ ചായം പൂശൽ ആരംഭിച്ചു. മണിക്കൂറുകളോളം ക്യൂവിൽ കാത്തിനിന്നതിനു ശേഷമാണ് പുലിവരയുമായി കലകാരൻമാർ പടവെട്ടിനിറങ്ങുന്നത്. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ്. സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിവയാണ് ടീമുകൾ. ഓരോ ടീമിലും 31 മുതൽ 51 വരെ അംഗങ്ങളുണ്ടാകും. പുലിക്കളിയുടെ എല്ലാ ഒരുക്കളും പൂർത്തിയായതായി കോർപ്പറേഷനും പൊലീസും അറിയിച്ചു.
പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തേക്കിൻകാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും രാവിലെ പാർക്കിങ്ങ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തും.