
സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും പൾസർ സുനിക്ക് വിചാരണക്കോടതിയെ സമീപിച്ചുവേണം ജയിൽ മോചിതനാകാൻ. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഓണാവധിയായതിനാൽ അവധിക്കാല കോടതിയിൽ അപേക്ഷ നൽകും. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിയാണ് തീരുമാനിക്കുക.
കേസിൽ വിചാരണ അനന്തമായി നീളുന്ന സാഹചര്യം ചൂണ്ടികാട്ടിയാണ് പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദേശം. ഒണാവധി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമാണ് വിചാരണ കോടതി നടപടികൾ ആരംഭിക്കുക. അതിനാൽ അവധിക്കാല കോടതിയെ സമീപിക്കാനാകും സുനിയുടെ നീക്കം.
വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സർക്കാരിൻ്റെ വാദമുമുണ്ടാകും. സുനി നാളുകളായി എറണാകുളം സബ് ജയിലിൽ റിമാൻഡിലാണ്. വിചാരണ നീണ്ടുപോയതിനൊപ്പം സാക്ഷി വിസ്താരം പൂർത്തിയായെന്ന വസ്തുതയും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് അനുകൂല സാഹചര്യമായെന്നാണ് വിലയിരുത്തൽ.
സാക്ഷി വിസ്താരവും വാദവും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇനി പ്രതിഭാഗത്തിന് അന്തിമവാദമുന്നയിക്കാൻ ഈ മാസം 26 മുതൽ അവസരമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ആകെ 10 പ്രതികളാണുള്ളത്. പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റമടക്കമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ 261 സാക്ഷികളുണ്ട്.