
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി ജാമ്യത്തിനായി നൽകിയ അപേക്ഷ വിചാരണകോടതി ഇന്ന് പരിഗണിക്കും. കാക്കനാട് ജയിലിൽ തടവിൽ കഴിയവേ ഫോൺ ഉപയോഗിച്ചെന്ന കേസിലെ ജാമ്യാപേക്ഷയും പരിഗണനയിലുണ്ട്. കോടതി നിശ്ചയിക്കുന്ന ജാമ്യവ്യവസ്ഥകൾ പൂർത്തീകരിച്ചാൽ മാത്രം പൾസർ സുനിക്ക് ഇന്ന് പുറത്തിറങ്ങാം.
സുപ്രീംകോടതി നിർദേപ്രകാരം സുനി സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് രാവിലെ 11 മണിയോടെ പരിഗണിക്കുന്നത്. തുടർന്ന് എറണാകുളം സബ് ജയിലിൽ നിന്നും പൾസർ സുനിയെ ഹാജരാക്കാൻ കോടതി നിർദേശിക്കും. കർശന ഉപാധികൾക്കായി സർക്കാർ വാദവും ഉണ്ടാകും.
കേസിൽ പൾസർ സുനി ഏഴര വർഷമായി വിചാരണത്തടവിലാണ്. സുനിക്കെതിരെ നടിയെ ആക്രമിച്ച കേസ് കൂടാതെ കോട്ടയത്ത് കവർച്ച നടത്തിയ കേസും കാക്കനാട് ജയിലിൽ ഫോൺ ഉപയോഗിച്ച കേസുമുണ്ട്. കവർച്ച കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഫോൺ ഉപയോഗിച്ച കേസിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ കോടതി ഈ കേസിൽ ഇന്ന് ജാമ്യം നൽകിയേക്കും. ബോണ്ടും ആൾ ജാമ്യം ഉൾപ്പെടെയുള്ള ജാമ്യവ്യവസ്ഥകളും പൂർത്തീകരിച്ചാൽ പൾസർ സുനി ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും.