
തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് ശേഷമുള്ള തമിഴ്നാട്ടിലെ തെക്കൻ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. പുനലൂർ - മധുര എക്സ്പ്രസ്സ് ട്രെയിൻ വില്ലുപുരം വരെ നീട്ടാൻ നിർദേശം. ഇതു സംബന്ധിച്ച് തിരിച്ചിറപ്പള്ളി ഡിവിഷണൽ മാനേജരുടെ ശുപാർശ റയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്.
സംസ്ഥാനത്ത് യാത്ര വലിയ ദുരിതം നറഞ്ഞതാകുന്ന സാഹചര്യത്തിലാണ് പുനലൂർ - മധുര എക്സ്പ്രസിന്റെ റൂട്ട് ദീർഘിപിക്കാനുള്ള ആശ്വാസകരമായ നിർദേശം വരുന്നത്. വേണാട് ട്രെയിനിലെ അടക്കം തിക്കും തിരക്കും,യാത്രക്കാർ കുഴഞ്ഞു വീണതുമുൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് നീക്കം.
വൈകുന്നേരം 6:30ന് വില്ലുപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ 9:30 ഓടെ തിരുച്ചിറപ്പള്ളിയിലെത്തും. 5 മിനിട്ടാണ് ഇവിടെ സ്റ്റോപ്പ്. അവിടെ നിന്നും 11:20 ന് മധുര സ്റ്റേഷനിലും രാവിലെ 10 മണിയോടെ പുനലൂരിൽ എത്തുന്ന വിധമാണ് ക്രമീകരണം. തിരികെ പുനലൂരിൽ നിന്ന് വൈകുന്നേരം 5 മണിയോടെ പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8 മണിയോടെ വില്ലുപുരത്ത് എത്തുന്ന രീതിയിലാണ് രണ്ടാം സർവീസ് ക്രമീകരിക്കാൻ നിർദേശിച്ചിട്ടുള്ളത്.
20 വർഷത്തിലധികമായി മലയാളികളുടെ ആവശ്യമാണ് പുനലൂർ - മധുര എക്സ്പ്രസിന്റെ റൂട്ട് ദീർഘിപ്പിക്കുക എന്നത്. റൂട്ട് ദീർഘിപ്പിക്കലിൻ്റെ സാധ്യതകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.