കനത്ത മഴയിൽ മുങ്ങി പൂനെ നഗരം; മഴക്കെടുതിയിൽ നാല് മരണം

മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു
കനത്ത മഴയിൽ മുങ്ങി പൂനെ നഗരം; മഴക്കെടുതിയിൽ നാല് മരണം
Published on

മഹാരാഷ്ട്രയിലെ പൂനെയിലും കോലാപ്പൂരിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ രാത്രി പെയ്ത മഴ സൃഷ്ടിച്ച വെള്ളക്കെട്ടിൽ ജനജീവിതം പൂർണമായും സ്തംഭിച്ചു. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലും പൂനെയുടെ ചില ഭാഗങ്ങളിലും പിംപ്രി-ചിഞ്ച്‌വാഡിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പൂനെ കളക്ടർ സുഹാസ് ദിവാസെയുടെ ഉത്തരവിനെ തുടർന്ന് പൂനെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ഡെക്കാൻ ജിംഖാന മേഖലയിലെ പുലാച്ചി വാടിയിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ  വെള്ളത്തിലൂടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചിരുന്നു. അതിനിടെ, മാവൽ തഹസിൽദാറിലെ അദർവാഡി ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലും ഒരാൾക്ക് ജീവൻ നഷ്ടമാവുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

കനത്ത മഴ ലഭിച്ചതിനെ തുടർന്ന് ഖഡക്‌വാസ്‌ല അണക്കെട്ടിൽ നിന്ന് വെള്ളം പുറന്തള്ളുന്നതായി കളക്ടർ സുഹാസ് ദിവാസെ പറഞ്ഞു. അതിനാൽ രാവിലെ മുതൽ 35,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഇത് ഇന്ന് 40,000 മുതൽ 45,000 ക്യുസെക്‌സ് വരെ ഉയരാമെന്നും ദിവാസേ പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com