
സവർക്കർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി നോട്ടീസ്. കേസിൽ ഈ മാസം 23 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂനെ കോടതിയാണ് നോട്ടീസ് അയച്ചത്. സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്.
കഴിഞ്ഞ വർഷമാണ് സത്യകി സവർക്കർ രാഹുൽ ഗാന്ധിക്കെതിരെ പൂനെ കോടതിയിൽ പരാതി നൽകിയത്. തുടർന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്ന് എംപിമാർക്കും എംഎൽഎമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു. ജോയിൻ്റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അമോൽ ഷിൻഡെയും അധ്യക്ഷനായ ഈ പ്രത്യേക കോടതിയാണ് രാഹുലിന് നോട്ടീസ് അയച്ചത്.
സർവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം വ്യക്തിയെ മർദ്ദിച്ചതായി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞതായാണ് പരാതി. 2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ആക്ഷേപകരമായ പരാമർശം നടത്തിയതെന്നും സത്യകി ആരോപിക്കുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല, സവർക്കർ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും സത്യകി സവർക്കർ പറഞ്ഞു.
അതേസമയം ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി പ്രഥമദൃഷ്ട്യാ സത്യമാണെന്നാണ് വിശ്രാംബോഗ് പൊലീസിന്റെ കണ്ടെത്തൽ.