
പഞ്ചാബിൽ അകാലിദൾ നേതാവുമായുള്ള വാക്കു തർക്കത്തിനിടെ എഎപി നേതാവിന് വെടിയേറ്റു. പഞ്ചാബിലെ ഫാസിൽക ജില്ലയിലാണ് സംഭവം. ബ്ലോക്ക് ഡെവലപ്‌മെൻ്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ) ഓഫീസിന് പുറത്തു നടന്ന സംഭവമറിഞ്ഞ് ഫാസിൽക്ക സീനിയർ പൊലീസ് ഓഫീസർ വരീന്ദർ സിംഗ് ബ്രാർ ജലാലാബാദിലെത്തി.
വെടിയേറ്റ് പരുക്കേറ്റ പ്രാദേശിക എഎപി നേതാവ് മൻദീപ് സിംഗ് ബ്രാറിനെ പഞ്ചാബിലെ ജലാലാബാദ് നഗരത്തിലെ സർക്കാർ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ നില ഗുരുതരമായതിനെ തുടർന്ന് ലുധിയാനയിലെ ജില്ലാ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. അകാലി നേതാവ് വർദേവ് സിംഗ് മൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എഎപി എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു.
ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയൽ ക്ലിയർ ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാൻ ബിഡിപിഒ ഓഫീസിൽ എത്തിയതായിരുന്നു വർദേവ് സിംഗ് മൻ. ബിഡിപിഒ അവരുടെ അഭ്യർഥന നിരസിച്ചതോടെ തുടർന്ന് വർദേവ് അടക്കമുള്ള അകാലിദൾ നേതാക്കൾ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഓഫീസിന് പുറത്ത് വെച്ച് എഎപി നേതാവ് മൻദീപ് സിംഗ് ബ്രാറും അകാലി നേതാവ് വർദേവ് സിംഗ് മാനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടെയാണ് മൻദീപിന് വെടിയേറ്റത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.