
കർഷക പ്രക്ഷോഭം തുടരുന്ന പഞ്ചാബിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കൃഷിമന്ത്രി ഗുർമീത് സിംഗ്. കർഷകർ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് സർക്കാർ സമവായ ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കായികതാരം വിനേഷ് ഫോഗട്ട് അടക്കമുള്ളവർ പിന്തുണയുമായി സമരക്കാരെ കണ്ടിരുന്നു.
സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചതോടെയാണ് കൃഷിമന്ത്രി ഗുർമീത് സിംഗ് ഖുദ്ദിയാൻ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ചത്. സമരക്കാർ നിലവിൽ അഞ്ചു ദിവസത്തെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന കൃഷി മന്ത്രി ഗുർമീത് സിംഗ് ഖുദ്ദിയാന് ഇതുസംബന്ധിച്ച് മെമ്മോറാണ്ടം കൈമാറി. കർഷകരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കായിക താരം വിനേഷ് ഫോഗട്ടും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
കാർഷിക നയങ്ങളിൽ പരിഷ്‌കരണം, ഭൂരഹിതരും ദരിദ്രരുമായ കർഷകർക്ക് ഭൂമി നൽകൽ, കർഷക സൗഹൃദ നയങ്ങൾക്കായി വലിയ ബജറ്റ് വകയിരുത്തുക, വായ്പകൾ എഴുതിത്തള്ളുക, വിളകൾക്ക് കുറഞ്ഞ താങ്ങുവില നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക പ്രക്ഷോഭം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം കർഷകർ മത്ക ചൗക്കിലേക്ക് മാർച്ച് നടത്തിയിരുന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജോഗീന്ദർ സിംഗ് ഉഗ്രഹൻ നേതൃത്വം നൽകിയ പ്രതിഷേധ മാർച്ചിൽ യൂണിയൻ്റെ നേതാക്കളായ രാകേഷ് ടിക്കായത്ത്, ഹരീന്ദർ സിംഗ് ലഖോവൽ എന്നിവരും പങ്കെടുത്തിരുന്നു.