പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം; 46 വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം ജൂലൈ 14ന് തുറക്കുമെന്നാണ് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ അറിയിച്ചത്
പുരി ജഗന്നാഥ ക്ഷേത്രം
പുരി ജഗന്നാഥ ക്ഷേത്രം
Published on

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഹസ്യ അറയായ രത്‌നഭണ്ഡാരത്തിനുള്ളിൽ എന്താണെന്നറിയാൻ ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാർ 1985-ലാണ് അവസാനമായി തുറന്നത്.  1978-ലാണ് അതിലെ ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും പട്ടിക അവസാനമായി രേഖപ്പെടുത്തിയത്.

ഇപ്പോഴിതാ 46 വർഷങ്ങൾക്ക് ശേഷം, രത്‌ന ഭണ്ഡാർ വീണ്ടും തുറക്കാൻ ഒരുങ്ങുകയാണ്. അറക്കുള്ളിലെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുടെയും ആസ്തി വിവരപ്പട്ടിക തയ്യാറാക്കാൻ വേണ്ടിയാണിത്. സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം ജൂലൈ 14ന് തുറക്കുമെന്നാണ് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ അറിയിച്ചിരിക്കുന്നത്. ഭണ്ഡാരം തുറന്ന്, അറ്റകുറ്റപ്പണികൾ നടത്തി ആഭരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാണ് തീരുമാനം.

പുരിയിലെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡറിൻ്റെ അകത്തെ അറയിൽ വജ്രങ്ങൾ, സ്വർണ്ണം, വിലയേറിയ രത്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അപൂർവ ആഭരണങ്ങളുടെ വലിയ ശേഖരം ഉണ്ട്. നൂറ്റാണ്ടുകളായി ഭക്തരും രാജാക്കന്മാരും ജഗന്നാഥ ഭഗവാന് സംഭാവന ചെയ്ത ഈ നിധി സംരക്ഷിക്കപ്പെടുകയും പട്ടികപ്പെടുത്തുകയും ചെയ്യുന്നു.

2022-ലെ ഒഡീഷ റിവ്യൂ മാഗസിൻ ലേഖനം അനുസരിച്ച്, ഭണ്ഡാരത്തിൽ 180 തരം ആഭരണങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ 74 ഇനം ശുദ്ധമായ സ്വർണ്ണാഭരണങ്ങളാണ്, ചിലതിന് 1.2 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. നൂറ്റാണ്ടുകളുടെ ഭക്തിയും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന, ദേവതകൾക്ക് പതിവായി ഉപയോഗിക്കാത്ത വിലപിടിപ്പുള്ള വസ്തുക്കൾ ഇവിടെ സംരക്ഷിക്കുന്നു.

സർക്കാർ അംഗീകരിച്ച പദ്ധതി പ്രകാരം, ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതിയുടെ (എസ്ജെടിഎ) ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഞായറാഴ്ച ക്ഷേത്ര ഭണ്ഡാരം സന്ദർശിക്കും. ഈ സംഘത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അംഗങ്ങളും ക്ഷേത്ര സേവകരും ഉൾപ്പെടും. 12-ാം നൂറ്റാണ്ടിലെ ദേവാലയത്തിൻ്റെ പരിപാലന ചുമതലയുള്ള എഎസ്ഐ, ആവശ്യമായ അറ്റകുറ്റപ്പണികൾക്കും ഈ അവസരം ഉപയോഗിക്കും. അതുകൂടാതെ, ആഭരങ്ങളുടെ ശേഖരണ പ്രക്രിയയിൽ സുതാര്യത നിലനിർത്താൻ ആർ ബി ഐ പ്രതിനിധികൾ ഇൻവെന്ററി സമയത്ത് ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

1978-ൽ, ട്രഷറിയിലെ വസ്‌തുവിവര പട്ടിക തയ്യാറാക്കുന്നത് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ 70 ദിവസമെടുത്തു. ഇത്തവണ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപടികൾ വേഗത്തിലാക്കാനാണ് ഒഡീഷ സർക്കാർ പദ്ധതിയിടുന്നത്. ഭാവിയിലെ റഫറൻസിനായി ആഭരണങ്ങളുടെ ഡിജിറ്റൽ കാറ്റലോഗ് സൃഷ്ടിക്കുന്നതിനുള്ള ഇൻവെൻ്ററി പ്രക്രിയ, ഉദ്യോഗസ്ഥർ ചിത്രീകരിക്കുമെന്ന് ഗവർണർ ഹരിചന്ദൻ അറിയിച്ചു.

പുരി ജില്ലാ ഭരണകൂടത്തിൻ്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ട്രഷറി തുറക്കാൻ അവർ ആദ്യം 'സുബ ബേല' എന്നറിയപ്പെടുന്ന ഒരു ശുഭ സമയം തിരഞ്ഞെടുക്കും. ഇത് പരാജയപ്പെട്ടാൽ, ഒരു മജിസ്‌ട്രേറ്റ് പൂട്ട് പൊളിക്കുന്ന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com