
പുഷ്പ 2 പ്രീമിയറിനിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. അല്ലു അർജുന് നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.
പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയേറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെ അല്ലു അര്‍ജുനും രശ്മികയും അടക്കമുള്ളവർ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്. തീയേറ്ററില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതെന്നാണ് ആരോപണം. രേവതിയുടെ മകൻ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിൽ അല്ലു അർജുനെ തെലങ്കാന പൊലീസ് ഡിസംബർ 13നാണ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രിയോടെ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് അല്ലു അർജുന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഉത്തരവ് ലഭിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസമാണ് അല്ലു അര്‍ജുനെ ജയിൽ അധികൃതര്‍ പുറത്തിറക്കിയത്. അരലക്ഷം രൂപയുടെ ബോണ്ടിലായിരുന്നു നാലാഴ്ചത്തേക്ക് ജാമ്യം നൽകിയത്.