
തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ പ്രതിസന്ധിയിൽ. രാത്രി കാലത്ത് ആവശ്യത്തിന് ഡോക്ടർമാരില്ലെന്നതാണ് പ്രധാന പരാതി. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ജനങ്ങൾ പറയുന്നു.
ദിവസേന നൂറ് കണക്കിന് ആളുകൾ ചികിത്സ തേടുന്ന ആശുപത്രിയാണ് പുതുക്കാട് താലൂക്ക് ആശുപത്രി. മണിക്കൂറുകൾ കാത്തു നിന്നാൽ പകൽ സമയങ്ങളിൽ ഒരു പക്ഷെ ചികിത്സ ലഭിക്കും. പക്ഷെ രാത്രി കാലങ്ങളിൽ ഡോക്ടറുടെ സേവനം വേണമെങ്കിൽ പുതുക്കാട് നിവാസികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കണം. അതല്ലങ്കിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വരും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
Also Read : എംപോക്സിൻ്റെ തീവ്രവകഭേദം ആഫ്രിക്കയ്ക്ക് പുറത്തും
പന്ത്രണ്ട് ഡോക്ടർമാരാണ് പുതുക്കാട് ആശുപത്രിയിൽ മുൻപുണ്ടായിരുന്നത്. വിവിധ വിഭാഗങ്ങളിലുള്ള രോഗികൾക്ക് മികച്ച ചികിത്സയും ഇവിടെ ലഭ്യമായിരുന്നു. എന്നാൽ മൂന്ന് ഷിഫ്റ്റുകളിലായി ഇപ്പോൾ ആകെ ഏഴ് പേർ മാത്രമാണ് ജോലി ചെയ്യുന്നത്. രാത്രി എട്ട് മണിക്ക് ശേഷമാണെങ്കിൽ ഒരാൾ മാത്രമാവും ഡ്യൂട്ടിയിലുണ്ടാവുക.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മാസങ്ങൾക്ക് മുൻപ് യോഗം ചേർന്നിരുന്നു. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി ഉണ്ടാകുമെന്ന് അന്ന് ഉറപ്പും നൽകി. എന്നാൽ പരിമിതികൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.