പുടിന്‍ ഉത്തരകൊറിയയില്‍, പട്ടാള ബഹുമതികളോടെ സ്വീകരണം

2000നു ശേഷമാണ് ഒരു റഷ്യൻ ഭരണ തലവൻ വടക്കൻ കൊറിയയില്‍ എത്തുന്നത്
പുടിന്‍ ഉത്തരകൊറിയയില്‍, പട്ടാള ബഹുമതികളോടെ സ്വീകരണം
Published on

രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പട്ടാള ബഹുമതികളോടെ സ്വീകരിച്ചു. 2000നു ശേഷം ആദ്യമായിട്ടാണ് ഒരു റഷ്യന്‍ ഭരണ തലവന്‍ വടക്കന്‍ കൊറിയയില്‍ എത്തുന്നത്. പ്രതിരോധ രംഗത്തുള്‍പ്പടെ നിര്‍ണ്ണായക കരാറുകളില്‍ ഒപ്പിട്ടേക്കും.

ബുധനാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ എത്തിയ റഷ്യന്‍ തലവനെ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ച കിം ജോങ് ഉന്‍ താമസസ്ഥലം വരെ അനുഗമിച്ചു. റഷ്യന്‍ പതാകയും ഛായാചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ചുവപ്പ് പരവതാനിയിലൂടെയായിരുന്നു സ്വീകരണം.

2023 സെപ്റ്റംബറില്‍ കിഴക്കന്‍ റഷ്യയില്‍ വച്ചാണ് പുടിനും കിമ്മും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ഉപപ്രധാനമന്ത്രി ഡെനിസ് മന്‍ട്രൂറോവ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും പുടിനെ അനുഗമിക്കുന്നുണ്ട്. സന്ദര്‍ശന വേളയില്‍ നിരവധി രേഖകളില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹത്തിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. ആയുധ കൈമാറ്റം നിഷേധിച്ചെങ്കിലും സൈനിക ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. 

ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ-സാമ്പത്തിക ശക്തമാക്കുന്നത് സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ പ്യോങ്യാങ്ങില്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റെ അതിഥിയായി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ സാങ്കേതിക വൈദഗ്ധ്യത്തിന് പകരമായി പ്യോങ്യാങ് മോസ്‌കോയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നുവെന്നുവെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ലോകം ഉത്തര കൊറിയ റഷ്യന്‍ കൂടിക്കാഴ്ചയെ നിരീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദിനംപ്രതി ശക്തമായി കൊണ്ടിരിക്കുകയാണെന്നും ഊഷ്മളമായുള്ള ബന്ധത്തിനായി സഹകരിക്കുമെന്നും ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സി കെ.എസി.എന്‍.എ പറയുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശ സമയത്ത് ഉത്തര കൊറിയ ആയുധങ്ങള്‍ നല്‍കി സഹായിച്ചിരുന്നു. അതിന് പകരമായി റഷ്യ നല്‍കിയത് ഭക്ഷണം. മരുന്ന്, ബഹിരാകാശ പദ്ധതികള്‍ക്കുള്ള സഹായം എന്നിവയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com