
ഉത്തരകൊറിയയിൽ നിന്ന് വിയറ്റ്നാമിലെത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ലാദ്മിർ പുടിനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ച് വിയറ്റ്നാം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കുടുതൽ ദൃഢപ്പെടുത്തുമെന്ന് പുടിനും റഷ്യൻ പ്രസിഡൻ്റ് റ്റൊ ലാമും വ്യക്തമാക്കി. വിയറ്റ്നാമുമായുള്ള തന്ത്ര പങ്കാളിത്തത്തിന് റഷ്യ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും പുടിൻ അറിയിച്ചു. അടുത്തിടെ നടന്ന റഷ്യൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ പുടിനെ റ്റൊ ലാം അഭിനന്ദനം അറിയിച്ചു.
എന്നാൽ, പുടിനെ രാജ്യം സന്ദർശിക്കാൻ അനുവദിച്ചതിനും, സ്വീകരിച്ചതിനും വിയത്‌നാമിനെതിരെ വലിയ വിമർശനമാണ് യു എസ് ഉയർത്തിയത്. പുടിന് യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കാനുള്ള വഴിയൊരുക്കുകയാണ് വിയറ്റ്നാം ചെയ്തതെന്ന് യു എസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി.
സിവിൽ ആണവ പദ്ധതികൾ, ഊർജം, വിദ്യാഭ്യാസം, രോഗ പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനായി 11 മെമ്മോറാണ്ടങ്ങളിൽ ലാമും പുടിനും ഒപ്പുവച്ചു. ക്രിയാത്മകമായ ചർച്ചകളാണ് നടന്നതെന്നും പ്രധാന അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഒരേ നിലപാടാണുള്ളതെന്നും പുടിൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
സോവിയറ്റ് യൂണിയൻ്റെ കാലം തൊട്ട് റഷ്യയും വിയറ്റ്നാമും തമ്മിലുള്ളത് നല്ല ബന്ധമാണ്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരെയുള്ള യു എൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യുവാൻ വിയറ്റ്നാം വിസമ്മതിച്ചിരുന്നു.