
റഷ്യക്ക് നേരെ യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ പ്രയോഗിച്ചാൽ നാറ്റോക്കെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ അതിർത്തികൾക്കുള്ളിൽ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കുന്ന കാര്യത്തില്‍ സഖ്യ കക്ഷികള്‍ക്കിടയില്‍ ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് പുടിൻ്റെ ഭീഷണി.
പാശ്ചാത്യ രാജ്യങ്ങൾ നിർമിച്ച ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ യുക്രെയ്ൻ പ്രയോഗിച്ചാൽ നാറ്റോക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നാണ് പുടിൻ്റെ വെല്ലുവിളി. ദീർഘ ദൂര മിസൈലുകൾ പ്രയോഗിക്കാൻ അനുമതി നൽകണമെന്ന് മാസങ്ങളായി സഖ്യകക്ഷികളോട് ആവശ്യപ്പെടുകയാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. അമേരിക്കയിലെയും ബ്രിട്ടനിലെയും വിദേശകാര്യമന്ത്രിമാർ കീവിൽ വെച്ച് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ അതിർത്തികൾക്കുള്ളിൽ ദീർഘദൂര മിസൈലുകൾ യുക്രെയ്‌ന് ഉപയോഗിക്കാമെന്ന സൂചന നൽകുന്നതായിരുന്നു തുടർന്നുണ്ടായ വാർത്താസമ്മേളനം. റഷ്യക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഈ നിലപാട് മാറ്റം.
ALSO READ: മറഡോണയുടെ മരണം; ആരോപണവിധേയരായ ആരോഗ്യപ്രവർത്തകരുടെ വിചാരണ 2025 ലേക്ക് മാറ്റി
അതേസമയം, റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്ന നിലപാട് കെയ്‌ർ സ്റ്റാർമർ ഒന്നുകൂടി ആവർത്തിച്ചു. റഷ്യയാണ് സംഘർഷം തുടങ്ങിയത്. റഷ്യ അനധികൃതമായി യുക്രെയ്‌നില്‍ കടന്നുകയറി. ഈ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ റഷ്യക്ക് സാധിക്കുമെന്നും സ്റ്റാർമർ പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള യാത്രാമധ്യേ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റാർമറുടെ പ്രസ്താവന.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തികളിലൊന്നാണ് റഷ്യ. റഷ്യയുടെ സഖ്യകക്ഷിയായ ചൈനയുമായി നിലവിൽ നാവിക അഭ്യാസങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ചൈനയുമായി റഷ്യയ്ക്ക് വ്യാപാര ബന്ധങ്ങളുമുണ്ട്. ഈ സാഹചര്യവും നിലവിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അതേസമയം 2022ൽ റഷ്യ ആരംഭിച്ച അധിനിവേശത്തിലൂടെ യുക്രെയ്‌നിൻ്റെ 18 ശതമാനം മേഖല മാത്രമാണ് റഷ്യൻ നിയന്ത്രണത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.