
രണ്ട് ദിവസം നീണ്ട മംഗോളിയൻ സന്ദർശനം പൂർത്തിയാക്കി പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ റഷ്യയിലേക്ക് മടങ്ങി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റ് നിലനിൽക്കെ പുടിനെ സ്വീകരിച്ച മംഗോളിയയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
അന്താരാഷ്ട്ര സമൂഹത്തെയും നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രസിഡൻ്റ് പുടിൻ മംഗോളിയയിൽ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങളെ തുടർന്നായിരുന്നു ഇത്. ഐസിസിയുടെ കരാറിലുൾപ്പെട്ട രാജ്യമായ മംഗോളിയയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെടുകയാണ്.
മംഗോളിയയിൽ എത്തിയ പുടിന് ആദ്യം ഗാർഡ് ഓഫ് ഓണർ. കൈ വിലങ്ങുകൾക്ക് പകരം ജെങ്കിസ് ഖാൻ സ്വകയറിൽ റെഡ് കാർപറ്റിൽ സ്വാഗതം. ഐസിസിയുടെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി ഊഷ്മള വരവേൽപ്പായിരുന്നു ഒരുക്കിയത്.
മേഖലയിൽ ഇപ്പോഴും ശക്തരാണ് റഷ്യയെന്നും ഐസിസിയുടെ ഉത്തരവിന് വലിയ വില നൽകുന്നില്ലെന്നും പ്രകടിപ്പിക്കാൻ കൂടിയായിരുന്നു പുടിൻ്റെ മംഗോളിയൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, ഊർജ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നത്. മംഗോളിയൻ പ്രസിഡൻ്റ് ഉൾപ്പടെയുള്ള നേതാക്കളുമായി പുടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവുകൾ അനുസരിക്കാൻ ബാധ്യസ്ഥരാണ് മംഗോളിയ. എന്നിരിക്കെ ഇവയെല്ലാം കാറ്റിൽ പറത്തിയാണ് പുടിന് നൽകിയ വരവേൽപ്പ്. മംഗോളിയയുടെ നടപടിയെ അപലപിച്ച് യുക്രെയ്ൻ രംഗത്തെത്തി. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് വലിയ പ്രതിഷേധമാണ് മംഗോളിയക്കെതിരെ ഉയരുന്നത്. യൂറോപ്യൻ യൂണിയനും ഹ്യൂമൻ റൈസ് വാച്ച് ഉൾപ്പടെയുള്ള മനുഷ്യാവകാശ സംഘടനകളും മംഗോളിയൻ സർക്കാർ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തെ ഇതുവരെ അപലപിക്കാത്ത രാജ്യങ്ങളിലൊന്നാണ് മംഗോളിയ. റഷ്യക്കും ചൈനക്കും നടുവിൽ സ്ഥിതി ചെയ്യുന്ന മംഗോളിയ, സ്വീകരിക്കുന്ന ഓരോ നിലപാടുകളും ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ മംഗോളിയ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോകില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സന്ദർശനത്തിന് മുന്നോടിയായി പുറത്തുവന്നിരുന്നു.
നേരത്തേ, യുദ്ധക്കുറ്റം ചുമത്തപ്പെട്ട് ഐസിസി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച സുഡാൻ പ്രസിഡൻ്റ് ഒമർ അൽ ബഷീർ 2015ൽ സൗത്ത് ആഫ്രിക്കയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനെതിരെയും വിമർശനം ഉയർന്നിരുന്നു. തുടർന്ന് സൗത്ത് ആഫ്രിക്കയുടെ നടപടിക്കെതിരെ ക്രിമിനൽ കോടതി യുഎൻ സുരക്ഷാ കൗൺസിലിലേക്ക് അയക്കുകയാണ് ചെയ്തത്.