
ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മാത്രം കാര്യങ്ങൾ മനസിലാകാത്തത് എന്തുകൊണ്ടാണെന്ന് പി.വി. അൻവർ എംഎൽഎ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും, എസ്ഐടിയുടെ അന്വേഷണം താഴേക്കാണെന്നും അൻവർ പറഞ്ഞു. അന്വേഷണത്തെ കീർത്തിപ്പെടുത്തണമെങ്കിൽ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതവിദ്വേഷം പടർത്തുന്ന ''മറുനാടൻ മലയാളി"യെ ഒക്കെ മഹത്വത്കരിക്കുകയാണ്. തന്നെ വഞ്ചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി ശ്രമിക്കുന്നത് തന്നെ പ്രതിയാക്കാനാണ്. ഇന്നും അതിനനുസരിച്ചാണ് സംസാരിച്ചത്. എഡിജിപി എഴുതി നൽകിയ വാറോലയാണ് മുഖ്യമന്ത്രി വായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച നീക്കം ഉണ്ടാകത്തതിനാൽ തന്നെ ഇനി ഹൈക്കോടതിയെ സമീപിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
എൽഡിഎഫ് വിട്ടെന്ന് താൻ പറഞ്ഞിട്ടില്ല. പറഞ്ഞുവിടുന്ന വരെ പാർട്ടിയിൽ തന്നെ തുടരും. രാഷ്ട്രീയ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. സർക്കാരിൻ്റെ ഒരു ആനുകൂല്യവും വേണ്ട. ആരോപണങ്ങൾ സിറ്റിങ്ങ് ജഡ്ജി പരിശോധിക്കണം. ഇനി അന്വേഷണ സംഘത്തെ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും അൻവർ പറഞ്ഞു.
അതേസമയം, അന്‍വറിന്റെ എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അന്‍വര്‍ പറഞ്ഞത് എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. മറ്റു മന്ത്രിമാരും ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആരോപണങ്ങളുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയോട് താന്‍ നേരത്തെ പരാതിപ്പെട്ടിരുന്നു എന്നും അന്വേഷണം ഉറപ്പു നല്‍കിയെങ്കിലും അദ്ദേഹം തന്നെ വഞ്ചിച്ചുവെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലെത്തിയെന്ന് തുറന്നു പറഞ്ഞിരുന്നതായും അന്‍വര്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.