
സിപിഎം പാർലമെൻ്ററി യോഗത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ എംഎൽഎ. അടുത്ത മാസം അഞ്ചിന് അൻവർ നിലമ്പൂരിൽ നയവിശദീകരണ യോഗം വിളിച്ചു ചേർക്കും.
സിപിഎമ്മിലും സർക്കാരിൻ്റെയും മുന്നിൽ പ്രശ്നങ്ങൾ ഉന്നയിച്ച ശേഷം അൻവർ വീണ്ടും പുറത്ത് ആരോപണം ഉന്നയിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ട്. അൻവറിൻ്റെ പ്രവൃത്തി വലുതുപക്ഷ പാർട്ടികൾക്ക് ആയുധം നൽകുന്നതുപോലെയാണെന്നും, ഇതിൽ നിന്ന് അൻവർ പിന്മാറാൻ തയാറാകണമെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
അതേസമയം, പാർട്ടി നിർദേശം ലംഘിച്ച് പി.വി. അൻവർ എംഎൽഎ ഇന്ന് മാധ്യമങ്ങളെ കാണും. വിധേയത്വത്തിനപ്പുറം ആത്മാഭിമാനം വലുതെന്ന് പറഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്ന കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പൊതു പ്രതികരണങ്ങളിൽ നിന്ന് അൻവർ പിന്മാറണമെന്ന് പാർട്ടി നിർദേശം നൽകിയത്. പാർട്ടിക്ക് വഴങ്ങി പൊതു പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നിയാൽ തീയാവുക എന്നാണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അൻവറിൻ്റെ മാധ്യമ കൂടിക്കാഴ്ച.