
അൻവറിൻ്റെ തൻ്റെ പാർട്ടി പ്രഖ്യാപനത്തോടെ ചീഞ്ഞുനാറിയ പാർട്ടിയേയും അവരുടെ ഭരണത്തേയും തുറന്നുകാട്ടുകയാണ് അൻവർ ചെയ്തതെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ. രമ. സിപിഎം പാർട്ടി അല്ലാതായി മാറിയതിനെ കുറിച്ച് സംസാരിച്ചതിനാണ് ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ആർഎംപി ചൂണ്ടിക്കാണിച്ച വിഷയങ്ങൾ അതേപടി നിലനിൽക്കുന്നു. അത് തന്നെയാണ് അൻവറും ചൂണ്ടിക്കാണിച്ചത്. ഇടതു മുന്നണി തന്നെ അപ്രസക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണക്കടത്തിൻ്റെ പ്രധാന കേന്ദ്രം. വിഭാഗീയത ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കെ. കെ. രമ പ്രതികരിച്ചു.
അതേസമയം, ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് പി.വി. അന്‍വര്‍ എംഎല്‍എ അറിയിച്ചു. ഡിഎംകെ ഒരു സാമൂഹിക കൂട്ടായ്മയായി തല്‍ക്കാലം നിലനില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ മതേതര കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ കഴിയുന്നവരെ ഒപ്പം കൂട്ടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി അൻവർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പി.വി. അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിയത്. എന്നാൽ, പിവി അൻവറിനെ ഡിഎംകെ തള്ളി. സഖ്യകക്ഷിയുമായി തെറ്റുന്നവരെ മുന്നണിയിലെടുക്കില്ലെന്ന് ടികെഎസ് ഇളങ്കോവൻ അറിയിച്ചു. പാർട്ടിയിൽ ചേരാൻ അൻവർ കത്ത് നൽകിയിരുന്നുവെന്നും ഇളങ്കോവൻ പറഞ്ഞു.