
ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് പത്രസമ്മേളനം നടത്തി നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ഒരു തെരഞ്ഞെടുപ്പ് ചട്ട ലംഘനവും നടത്താൻ തനിക്ക് ഉദ്ദേശ്യമില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ട് തന്നെയാണ് പത്രസമ്മേളനം വിളിച്ചതെന്നും അൻവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ വായിച്ചിട്ട് തന്നെയാണ് വന്നത്. ഡിഎംകെയുടെ പ്രവർത്തകർ ഇന്നും വീടുകൾ കേറി നോട്ടീസ് നൽകുന്നുണ്ട്. അത് ചട്ടലംഘനം അല്ല. ശബ്ദമുഖരിതമായ പ്രചരണം ഇന്നലെ കൊണ്ട് അവസാനിപ്പിക്കണമെന്നാണ് ചട്ടം പറയുന്നത്. കൂടാതെ മറ്റ് ജില്ലയിൽ വന്ന് മണ്ഡലത്തിൽ നിൽക്കുന്നവർ ജില്ല വിടണമെന്ന് പറയുന്നത് അലിഖിത നിയമം ആണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തിൽ അങ്ങനെ പറയുന്നില്ലെന്നും പി.വി. അൻവർ.
ഡിഎംകെയെ സംബന്ധിച്ച് മണ്ഡലത്തിൽ പ്രവർത്തിക്കാൻ ആളുകൾ കുറവാണ്. വെറും 32 ദിവസം പ്രായമുള്ള സാമൂഹ്യ സംഘടനയാണ് ഡിഎംകെ. ഇവിടെ സിപിഎമ്മിന്റെ ഉരുക്ക് കോട്ടയിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ഒരു ഭാഗത്ത്. 19 എംപിമാരും, പ്രതിപക്ഷ നേതാവും മറുഭാഗത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റ് കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത് നിന്ന് ഞങ്ങളോട് ഏറ്റുമുട്ടുകയാണ്. വാ പോയ കോടാലിയോടാണ് ഏറ്റുമുട്ടുന്നത് എന്നാണ് പരിഹാസം. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയോടാണ് ഇവർ ഏറ്റുമുട്ടുന്നത് എന്നും പരിഹാസമുണ്ട്. ഡിഎംകെ സംഘടനയ്ക്ക് പരിമിതികൾ ഉണ്ട്. ഞങ്ങൾ ഇന്ന് ഒരു ദിവസം കൂടി പ്രയോജനപ്പെടുത്തും. അതിന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പി.വി. അൻവർ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശം
പിണറായി വിജയന്റെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസ് ക്യാമ്പ് ചെയ്യുന്ന ചെറുതുരുത്തിയിൽ നിന്നാണ് ഇന്ന് 25 ലക്ഷം പിടികൂടിയത്. ഇത് ആർക്ക് കൊണ്ടുവന്ന പൈസയാണ്. കോളനികളിൽ ഇവർ തെരഞ്ഞെടുപ്പ് സ്ലിപ് നൽകുന്നത് കവറിലാണ്. സാധാരണ സ്ലിപ് കയ്യിൽ നൽകുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ ഈ കവറിനുള്ളിൽ ഗാന്ധിയുടെ പടം കൂടി നൽകുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. ഇത്രയും മോശമായ കോളനികൾ കേരളത്തിൽ വേറെയില്ല. മദ്യവും പണവും നൽകിയാണ് കോളനികളിൽ നിന്ന് ഇടത് മുന്നണിയും, വലത് മുന്നണിയും, ബിജെപിയും വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ താൻ ഒരു പരാതി നൽകിയിട്ടുണ്ടെന്നും പി.വി. അൻവർ വ്യക്തമാക്കി.
ഇരുപതിൽ അധികം കേസുകൾ തന്റെ പേരിൽ രജിസ്റ്റർ ചെയ്തത് എന്തിന്റെ പേരിലാണ്. ജനങ്ങളോട് സംസാരിച്ചതിന്റെ പേരിൽ. ആശുപത്രിയിൽ പോയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. ആശുപത്രിയിൽ ചെന്നത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടിയാണ്. താൻ പത്രസമ്മേളനം വിളിക്കുന്നതിൽ പിണറായി ടെൻഷൻ അടിക്കേണ്ട എന്നും പി.വി. അൻവർ പറഞ്ഞു.
പത്രസമ്മേളനം നിർത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ എത്തുന്നു
നാടകീയ രംഗങ്ങൾ ആണ് ചേലക്കരയിലെ അൻവറിന്റെ വാർത്ത സമ്മേളനത്തിനിടയിൽ നടന്നത്. വാർത്താസമ്മേളനം തടയാൻ തെരഞ്ഞടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെത്തി. അൻവർ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. വാർത്താസമ്മേളനത്തിൽ നിന്നും അൻവർ പിന്മാറാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി മടങ്ങി. ഉദോഗസ്ഥരെ വിട്ട് പിണറായി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അൻവർ ആരോപിച്ചു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാൻ കഴിയുന്ന തുക 40 ലക്ഷം രൂപയാണ്. ഇവിടെ മൂന്ന് മുന്നണികളും കൂടി ചെലവാക്കിയിരിക്കുന്നത് 34 കോടി 98 ലക്ഷം രൂപയാണെന്നും അൻവർ പറഞ്ഞു. ഇത്രയും വലിയ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ആളുകളെ നോക്കാൻ തെരഞ്ഞടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്നും അൻവർ ആരോപിച്ചു. ഇത് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ഡിഎംകെയുടെ പ്രവർത്തനങ്ങൾ
തെരഞ്ഞടുപ്പോടെ പണി നിർത്താൻ ഡിഎംകെ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഡിഎംകെയുടെ രാഷ്ട്രീയം ജനങ്ങളോട് സംവദിക്കും. തെരഞ്ഞെടുപ്പ് ഫലം വരുന്നത് 23 നാണ്. ഇത് കഴിഞ്ഞാൽ ഡിസംബർ ആദ്യവാരം മുതൽ ഡിഎംകെ ജാഥ ആരംഭിക്കും. 14 ജില്ലകളെ രണ്ടായി തിരിച്ചാണ് ജാഥ നടത്തുക. തൃശൂർ മുതൽ തിരുവനന്തപുരം വരെ 7 ജില്ലകളിലേക്കും, തൃശൂർ മുതൽ കാസർഗോഡ് വരെ 7 ജില്ലകളിലേക്കുമാണ് ജാഥ. ഇതിൽ കാസർഗോഡ് നിന്നും ആരംഭിക്കുന്ന ജാഥ മലയോരമേഖലയിലെ ജനങ്ങളുടെ വിഷയങ്ങൾ ചർച്ചചെയ്യും. മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാകുന്ന പ്രശനങ്ങൾ ആകും ഇതിൽ പ്രധാനമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.