
പി.വി. അൻവറിന്റെ പാർട്ടി രൂപീകരണത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്. മാധ്യമങ്ങളാണ് അൻവറിനെ പൊക്കിപ്പിടിക്കുന്നതെന്നും വർഗീയ നിലപാടുള്ള ഒരു വിഭാഗം ആളുകൾ അൻവറിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും വസീഫ് പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയും, എസ്ഡിപിഐയും കോൺഗ്രസും ചില മാധ്യമങ്ങളുമാണ് അൻവറിന് പിന്നിൽ. ഈ മുന്നണിയാണ് കെ റെയിലിന് എതിരെ സമരം നടത്തിയതും. കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാനാണ് ശ്രമം. പിണറായിയുടെ പാരമ്പര്യം വർഗീയശക്തികളോട് ഏറ്റുമുട്ടിയതാണ്. പി.വി. അൻവർ പി.സി. ജോർജിന്റെ തുടർച്ച. അൻവറിന്റെ പൊതുയോഗങ്ങളിലെ ആൾക്കൂട്ടം ജമാ അത്തെ ഇസ്ലാമി എത്തിക്കുന്നതാണെന്നും വസീഫ് കൂട്ടിച്ചേർത്തു.
ALSO READ : പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പി.വി. അൻവർ; അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ മത്സരിക്കും
പുതിയ പാർട്ടി രൂപീകരിക്കുമെന്നും അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ മത്സരിക്കുമെന്നും പി.വി. അൻവർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദ ഹിന്ദുവിലെ പരാമർശം തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റ് തിരുത്തിയത് പത്രം ഇറങ്ങി 32 മണിക്കൂർ കഴിഞ്ഞിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്നും അൻവർ കൂട്ടിച്ചേര്‍ത്തു. ദ ഹിന്ദുവിന് മുഖ്യമന്ത്രി കത്തെഴുതിയത് നാടകമാണെന്നും, പത്രവുമായി മുഖ്യമന്ത്രി അഡ്‌ജസ്റ്റ്‌മെൻ്റ് ചെയ്തെന്നും അൻവർ ആരോപിച്ചു. മുഖ്യന്ത്രിയുടെ അഭിമുഖത്തിൻ്റെ പൂർണ രൂപം ഹിന്ദു പുറത്തുവിടണമെന്നും അൻവർ ആവശ്യപ്പെട്ടു.