അന്‍വറിനായി കാതോര്‍ത്ത് രാഷ്ട്രീയ കേരളം; ഡിഎംകെ പതാകകളുമായി അണികള്‍ വേദിയിലേക്ക്

അയോഗ്യത ഭീഷണി ഉള്ളതിനാൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ല
അന്‍വറിനായി കാതോര്‍ത്ത് രാഷ്ട്രീയ കേരളം; ഡിഎംകെ പതാകകളുമായി അണികള്‍ വേദിയിലേക്ക്
Published on

പി.വി. അൻവറിൻ്റെ രാഷ്ട്രീയ പ്രഖ്യാപനം കാത്ത് കേരളം. പൊതുസമ്മേളനം അൽപ്പസമയത്തിനകം മഞ്ചേരിയിൽ ആരംഭിക്കും. അയോഗ്യതാ ഭീഷണി ഉള്ളതിനാൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ല. ഡിഎംകെ എന്ന ചുരുക്കപ്പേര് വരും വിധം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന കൂട്ടായ്മ പ്രഖ്യാപിക്കും. സമ്മേളന വേദിയിലേക്ക് അണികള്‍ ഓരോരുത്തരായി എത്തി തുടങ്ങി.

അതേസമയം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേട്ര കഴകത്തിന്‍റെ കളര്‍ തീമിലാണ് അന്‍വറിന്‍റെ സമ്മേളന വേദി തയാറാക്കിയിരിക്കുന്നത്. ഡിഎംകെയുടെ കൊടിയുടെ നിറങ്ങളായ ചുവപ്പ്, കറുപ്പ് എന്നിവയുടെ ഷാളുകളുമായാണ് അണികള്‍ സമ്മേളന വേദിയിലെത്തുന്നത്. സദസില്‍ നിരത്തിയിട്ട കസേരകളില്‍ പോലുമുണ്ട് ഈ ഡിഎംകെ റഫറന്‍സ്. അന്‍വറിന്‍റെ മുഖം പതിച്ച കൊടികളും വേദിയില്‍ കാണാം.

എന്നാല്‍ പി.വി. അന്‍വറുമായുള്ള സഖ്യസാധ്യതകള്‍ ഡിഎംകെ തള്ളിയിരുന്നു. പാര്‍ട്ടിയുമായോ മുന്നണിയുമായോ അന്‍വറിനെ സഹകരിപ്പിക്കുന്നതിനോട് ഡിഎംകെ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് വിവരം. സഖ്യകക്ഷിയായ സിപിഎമ്മിനോട് തെറ്റുന്നവരെ മുന്നണിയിലെടുക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്ന ഡിഎംകെ അൻവറിനെ അംഗീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഇളങ്കോവൻ വ്യക്തമാക്കി. ഡിഎംകെ നേതൃത്വം അൻവറിനെ തള്ളിയതോടെ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട യോഗത്തിലേക്ക് എത്ര പേർ എത്തിച്ചേരുമെന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ നോക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com