പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും: പി.വി. അൻവർ

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പെടും. പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു
പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും: പി.വി. അൻവർ
Published on


ആയിരങ്ങളെ സാക്ഷികളാക്കി പി.വി. അന്‍വര്‍ തന്‍റെ പാര്‍ട്ടിയായ ഡിഎംകെയുടെ നയരേഖ വെളിപ്പെടുത്തി. പൂരം കലക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും എഡിജിപിക്കെതിരെയും അന്‍വര്‍ തുറന്നുപറച്ചില്‍ നടത്തി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ചും അന്‍വര്‍ വാചാലനായി. പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞുവെന്നും ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ മുഖ്യമന്ത്രി BJPക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്നും അതിനുപയോ​ഗിച്ച ആയുധമായിരുന്നു പൂരം കലക്കൽ എന്നും അന്‍വര്‍ പറഞ്ഞു.

സര്‍ക്കാരിനും സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരായ തന്‍റെ തുറന്നുപറച്ചിലുകള്‍ ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങളോട് താന്‍ കടപ്പെട്ടിരിക്കുന്നു. ഭരണഘടനയിൽ എംഎൽഎമാരുടെ ഉത്തരവാദിത്തവും കടമയും ഒന്നാണ്, അതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ല. ജനങ്ങളോട് തുറന്ന് പറയേണ്ടി വന്നത് ഈ നാട്ടിൽ നടമാടിയ മോശം പ്രവണതകളെക്കുറിച്ചാണെന്നും അന്‍വര്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ എഡിജിപി അജിത് കുമാറിന്‍റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ തുറന്നുപറഞ്ഞ കാര്യങ്ങള്‍ ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. തന്‍റെ പരാതികള്‍ അന്വേഷിക്കാന്‍ എസ്ഐടിയെ നിയോഗിച്ചു. തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന ഉണ്ട് എന്ന് പറഞ്ഞാണ് പരാതി നൽകിയത്.

റിപ്പോർട്ട് വന്ന് 32 ദിവസമായിട്ടും മുഖ്യമന്ത്രി നിലപാട് മാറ്റിയിട്ടില്ല. വിവിധ വിഷയങ്ങളിൽ താൻ നൽകിയ ഡോക്യുമെൻ്റുകൾ പരിശേധിച്ചാൽ മാത്രം മതി എഡിജിപിയെ സസ്പെൻഡ് ചെയ്യാൻ. അജിത് കുമാറിനെ സംരക്ഷിക്കുന്ന ഏക വ്യക്തി മുഖ്യമന്ത്രിയാണ്. താൻ ചെന്നെയിൽ പോയതിന് എന്തെല്ലാം പുകിലാണ് ഉണ്ടായത്. അതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സെക്രട്ടറി ഇന്ന് ചെന്നൈയ്ക്ക് പോയി.തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട് തന്നെ തള്ളിപ്പറയാൻ ആവശ്യപ്പെട്ടു.താൻ സ്റ്റാലിനെ കാണാൻ നടത്തിയ ശ്രമത്തെ പോലും തടഞ്ഞത് , ഫാസിസത്തിൻ്റെ മറ്റൊരു മുഖമാണെന്നും അന്‍വര്‍ പറഞ്ഞു.

ബിജെപിയെ തോൽപ്പിച്ച് 40 ൽ 40 ഉം സ്റ്റാലിൻ നേടിയപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ബിജെപിക്ക് തൃശൂരിൽ പരവതാനി വിരിച്ച് കൊടുത്തു. അതിനുള്ള ഏറ്റവും നല്ല ആയുധമായിരുന്നു പൂരം കലക്കൽ. അതിന് വേണ്ടി രണ്ട് ദിവസമാണ് അജിത് കുമാർ തൃശൂരിൽ ക്യാമ്പ് ചെയ്തത്. മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് എഡിജിപി നടത്തിയത്. താൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അല്ല സ്റ്റാലിനെ കാണാൻ പോയത്. സ്റ്റാലിന്‍റെ പിന്തുണ തേടിയാണ് പോയത്.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പെടും. പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു. ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും. ഈ രാഷ്ട്രീയ കൂട്ടുകെട്ടിൽ ജനങ്ങൾക്ക് നീതി ഉണ്ടാകില്ല. ജനങ്ങൾ പ്രതീക്ഷിക്കുന്നതിലും വലുതാണ് ഈ രാഷ്ട്രീയ കൂട്ടുകെട്ടെന്നും അന്‍വര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com