'പൂർണമായും വിച്ഛേദിച്ചിരിക്കുന്നു'; നിലമ്പൂ‍ർ‌ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥിയെ പ്രഖ്യാപിക്കും വരെ പത്രമാധ്യമങ്ങളുമായി ആശയവിനിമയമില്ലെന്ന് അന്‍വർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് പി.വി. അൻവർ
പി.വി. അൻവർ
പി.വി. അൻവർ
Published on

നിലമ്പൂ‍ർ‌ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് വരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി അവസാനിപ്പിച്ചതായി പി.വി. അൻവർ. ഈ തീരുമാനത്തോട് മാധ്യമങ്ങൾ സഹകരിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുൻ എംഎൽഎയുടെ അറിയിപ്പ്. നിലമ്പൂർ എംഎൽഎ സ്ഥാനം പി.വി. അൻവർ രാജിവെച്ച സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് പി.വി. അൻവർ സ്വീകരിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കേ പിന്തുണ നൽകൂ എന്ന തീരുമാനം അൻവർ ഔദ്യോ​ഗികമായി കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചു. ഇത് കോൺ​ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മണ്ഡലത്തിന്റെ ചുമതലയുള്ള എ.പി. അനിൽകുമാറുമായി അൻവർ ചർച്ച നടത്തിയെങ്കിലും ജോയിക്കായി പിടിമുറുക്കുകയായിരുന്നു അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ചപ്പോഴും അൻവർ ജോയിയുടെ പേര് ഉയർത്തിക്കാട്ടിയിരുന്നു. നിലമ്പൂരിൽ വിജയ സാധ്യത വി.എസ്. ജോയിക്കാണെന്നാണ് മുൻ എംഎൽഎയുടെ പക്ഷം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്‌ നേതൃത്വം എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നതാണ് വി.എസ്. ജോയിയുടെ നിലപാട്. ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയ ജോയ് തെരഞ്ഞെടുപ്പിൽ ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേര് വരുന്നത് കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.





പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്.
പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

"ചിന്തിക്കുന്നവർക്ക്" ദൃഷ്ടാന്തമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com