വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതം; രാഷ്ട്രീയമായും നിയമപരമായും നേരിടും: പി. വി. അൻവർ

ആരു വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ നാളെ പുറത്തു വിടാം, പി. വി. അൻവർ വ്യക്തമാക്കി
വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതം; രാഷ്ട്രീയമായും നിയമപരമായും നേരിടും: പി. വി. അൻവർ
Published on

അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പാരതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പി. വി. അൻവർ. വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. വി. അൻവർ പറഞ്ഞു. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൊല്ലം സ്വദേശി നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തു. ഇതനുസരിച്ച് ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

"ലേലത്തിൽ വച്ച ഭൂമിയാണ് താൻ ഏറ്റെടുത്തത്. കോടതി തന്ന അവകാശം അതുപോലെ നിലനിൽക്കുന്നു.ആരു വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ നാളെ പുറത്തു വിടാം", പി. വി. അൻവർ വ്യക്തമാക്കി. സി. ജി. ഉണ്ണിയുടെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേരളത്തിൽ താൻ കോഡിനേറ്റർ ആയ ടിഎംസി മാത്രമാണ്. മറ്റുള്ള കാര്യം ദേശീയ നേതൃത്വത്തോട് ചോദിക്കണമെന്നും പി. വി. അൻവർ പറഞ്ഞു.

പാലക്കാട് ബ്രൂവറി വിഷയത്തിലും പി.വി. അൻവർ പ്രതികരിച്ചു. ബ്രൂവറി ഒരു കമ്പനിക്ക് മാത്രമെങ്ങനെയാണ് നൽകുക. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്നും, എല്ലാത്തിൻ്റെയും പിന്നിൽ അഴിമതിയാണെന്നും പി. വി. അൻവർ വ്യക്തമാക്കി. മെക് സെവനിൽ കാന്തപുരത്തിൻ്റെ പരാമർശത്തിൽ മതത്തെ കുറിച്ച് പറയാൻ ഞാനില്ലെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം. മതം മതവും, രാഷ്ട്രീയം രാഷ്ട്രീയവുമാണ് എന്നും അൻവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com