
കാസർഗോഡ് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഐ അനൂപിനെ സസ്പെൻഡ് ചെയ്താൽ മാത്രം പോരാ, പിരിച്ചുവിടണമെന്ന് പി.വി. അൻവർ എംഎൽഎ. സംസ്ഥാനത്ത് ജനങ്ങളുടെ നീതി സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്ന അവസ്ഥയാണെന്നും അൻവർ പറഞ്ഞു.
അബ്ദുൾ സത്താറിൻ്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അൻവർ. സത്താറിൻ്റെ കുടുംബത്തിന് വീടുവെച്ചു നൽകണം. സത്താറിനെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. കാരണം സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ്റെ വഴിവിട്ട ധാർഷ്ട്യവും അഹങ്കാരവും അക്രമമനോഭാവവുമാണ് കുടുംബത്തെ അനാഥമാക്കിയത്. ഇരുചക്ര വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ടൂവീലർ യാത്രികരുടെ സംഘടന രൂപീകരിക്കണം. അതിനുള്ള ചർച്ചകൾ നടക്കുന്നു. പൊലീസിൻ്റെ ധാർഷ്ട്യത്തിനെതിരേ ജനങ്ങൾ പ്രതികരിക്കണമെന്നും അൻവർ പറഞ്ഞു.
രാവിലെ മുതൽ മുഴുവൻ വെയിലും കൊള്ളുന്നവരാണ് ഓട്ടോ തൊഴിലാളികൾ. ഓടിക്കിട്ടുന്നത് നാനൂറോ അഞ്ഞൂറോ രൂപ മാത്രം. അതുകൊണ്ടാണ് അവർ കുടുംബം പോറ്റുന്നത്. അതും പൊലീസ് പിഴിഞ്ഞെടുക്കുന്നു. കേരളത്തിൽ പൊലീസിൻ്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോക്കാരും ബൈക്ക് യാത്രക്കാരും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ടാർഗെറ്റ് പൂർത്തികരിക്കാൻ വേണ്ടി റോഡിലിറങ്ങി ഇത്തരക്കാരോട് ഗുണ്ടായിസം കാണിക്കുകയാണ് പൊലീസ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്ത് ഈ ഗതിയില്ല. കാസർഗോഡും മലപ്പുറത്തുമാണ് സർക്കാർ ഏറ്റവും മോശം ഉദ്യോഗസ്ഥരെ അയക്കുന്നത്. ഇവരുടെ കൊള്ളരുതായ്മകൾ സഹിക്കാൻ തയ്യാറുള്ളവരാണ് ഈ രണ്ട് ജില്ലക്കാർ. ഇതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും അൻവർ ചോദിച്ചു.